അമേരിക്കയിലെ സെൻട്രല്‍ ഫ്ലോറിഡയില്‍ നിരവധി വീടുകള്‍ തകർത്തും 20 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയും മില്‍ട്ടണ്‍ കൊടുങ്കാറ്റ്. ആളപായമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. എന്നാല്‍, കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. കാറ്റഗറി അഞ്ചിലായിരുന്ന കൊടുങ്കാറ്റിന്റെ തീവ്രത മൂന്നിലേക്ക് എത്തി. നിലവില്‍ കൊടുങ്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 195 കിലോമീറ്ററാണ്. കരയിലെത്തിയപ്പോഴേക്കും ഇത് 165 കിലോമീറ്ററായി കുറഞ്ഞിരുന്നു. എങ്കിലും അപകടസാധ്യത കുറഞ്ഞതായി കണക്കാക്കാനാകില്ല.

മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്പ, സെന്റ്. പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ എന്നീ മേഖലകളിലാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ്ബർഗില്‍ നിലവില്‍ 422 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്.ആളപായറിപ്പോർട്ടുകളുള്ള പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് മരണമെങ്കിലും സംഭവിച്ചിട്ടുള്ളതായാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്നാണ് മില്‍ട്ടണെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. 12 ദിവസത്തിനിടെ ഫ്ലോറിഡയില്‍ വീശുന്ന രണ്ടാമത്തെ കൊടുങ്കാറ്റാണിത്. ഇതിനു മുൻപ് ഹെലൻ കൊടുങ്കാറ്റായിരുന്നു ഫ്ലോറിഡയില്‍ നാശം വിതച്ചത്.

നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.വേലിയേറ്റത്തിന് മുൻപ് കൊടുങ്കാറ്റ് കരതൊട്ടത് വലിയ അപകടം ഒഴിവാകുന്നതിന് കാരണമായെന്നാണ് ഫ്ലോറിഡ ഗവർണർ റോണ്‍ ഡി സാന്റിസ് പറയുന്നുത്. നാല് മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ എത്തിയേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. നിലവില്‍ ആളുകളെ സുരക്ഷിതരായി ഒഴിപ്പിക്കുക എന്നത് അപകടകരമാണെന്നും സുരക്ഷിത സ്ഥാനങ്ങളിലുള്ളവർ അവിടെ തന്നെ തുടരണമെന്നും ഡിസാന്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. മില്‍ട്ടണ്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലും ഫ്ലോറിഡയില്‍ കഴിഞ്ഞ ദിവസം തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb