gnn24x7

എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക

0
177
gnn24x7

വാഷിങ്ടണ്‍: എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന അതേ ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധനയോടയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ‌ വരുന്നവര്‍ക്ക് തങ്ങളുടെ ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വൈസറി അറിയിച്ചിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന അതേസ്ഥാപനത്തില്‍ അതേ തൊഴില്‍ ദാതാവിന്റെ കീഴില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരികെ പ്രവേശിക്കാനായി മാത്രമേ മടങ്ങി വരാന്‍ സാധിക്കുവെന്ന് അധികൃതര്‍ വ്യക്തമാക്കി. എച്ച് 1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കോവിഡ് ആഘാതത്തില്‍ നിന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അടിയന്തരമായി കരകയറ്റുന്നതിന് അത്യന്താപേക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതാകണം മടങ്ങിവരവെന്നും അധികൃതർ വ്യക്തമാക്കി.

പുതിയതായി എച്ച് 1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ജൂണ്‍ 22 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു. മാത്രമല്ല പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവുകള്‍ വന്നിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്കും സാധുവായ വിസയുണ്ടെങ്കില്‍ യാത്രവിലക്കുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് എച്ച്1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂണിൽ ഒപ്പുവെച്ചത്. ഏകദേശം 3.25 ലക്ഷം കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിലക്ക് ബാധകമായിരുന്നത്.

”2020 ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ 17 ദശലക്ഷം അമേരിക്കക്കാർക്ക് തൊഴിൽ അവസരം നഷ്ടമായി. ഇതിനുകാരണം എച്ച്-2 ബി നോൻ ഇമ്മിഗ്രന്റ് വിസയിൽ വരുന്ന തൊഴിലാളികളെ ജോലിക്കായി കമ്പനികൾ ഉപയോഗിച്ചതാണ്”-  ജൂൺ 22ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here