വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും; ഇടപാടുകാർ ചെയ്യേണ്ടത്

0
176

തിരുവനന്തപുരം: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 6 മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. കാലാവധി ഇനിയും നീട്ടണമെന്ന് സംസ്ഥാന സർക്കാരോ ബാങ്കേഴ്സ് സമിതിയോ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹര്യത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം.

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിലാണു കാലാവധി നീട്ടേണ്ടെന്ന നിലപാടെന്നു റിസർവ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ നാളേക്കകം കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് തിരിച്ചടയ്ക്കേണ്ടആകെ തവണകൾ 6 എണ്ണം കൂടി വർധിക്കും. മൊറട്ടോറിയം കാലയളവായ 6 മാസത്തെ പലിശ കൂടി തിരിച്ചടയ്ക്കാൻ ബാക്കിയുള്ള തുകയിൽ ഉൾപ്പെടുത്തും. അങ്ങനെ പലിശയ്ക്കു മേൽ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വർധിക്കും.

രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർ‌വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്.

ഇടപാടുകാർ ചെയ്യേണ്ടത്; സെപ്റ്റംബർ 1 മുതൽ വായ്പ തിരിച്ചടച്ചു തുടങ്ങുക. പുതിയ പ്രതിമാസ തിരിച്ചടവു തുക എത്രയെന്നു ബാങ്കിൽ നിന്നറിയാം. മൊറട്ടോറിയം കാലയളവിലെ പലിശത്തുക ഒരുമിച്ച് അടയ്ക്കാൻ കഴിയുമെങ്കിൽ ചെയ്യുക. ഇതുവഴി തവണത്തുക വർധിക്കുന്നതും പലിശയ്ക്കു മേൽ പലിശ വരുന്നതും ഒഴിവാക്കാം.

മൊറട്ടോറിയം കാലയളവിലെ 6 മാസത്തെ പലിശ മാത്രം മറ്റൊരു വായ്പയായി കണക്കാക്കാൻ ചില ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. 6 മാസം കൊണ്ടു തിരിച്ചടയ്ക്കണം. ഈ സാധ്യത ശാഖയിൽ അന്വേഷിക്കുക. അപേക്ഷ വാങ്ങിയ ശേഷമാണ് പല ബാങ്കുകളും ഇടപാടുകാർക്ക് മൊറട്ടോറിയം അനുവദിച്ചത്. എങ്കിലും വായ്പ പുനഃക്രമീകരിക്കുന്നതിനു പുതിയ അപേക്ഷ നൽകേണ്ടതുണ്ടോ എന്ന് ബാങ്കിൽ അന്വേഷിക്കുക.

മൊറട്ടോറിയം തിരഞ്ഞെടുക്കാത്തവർ ഒന്നും ചെയ്യേണ്ടതില്ല. തിരിച്ചടവ് തുടരുക. മൊറട്ടോറിയം കാലത്തെ വായ്പാ മുടക്കം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാൽ, സെപ്റ്റംബർ മുതൽ മുടങ്ങിയാൽ ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here