gnn24x7

PK കുഞ്ഞനന്തൻ്റെ ഓർമയിൽ

0
901
gnn24x7

തിരുവനന്തപുരം MDICU വിൻ്റെ ഡോർ തുറന്ന് വന്ന പച്ച വസ്ത്രം ധരിച്ച നേഴ്സ് ഉറക്കെ ചോദിച്ചു. കൈവരിയിൽ ചാരി ഇരുട്ടിലേക്ക് നോക്കി നിന്ന എന്നെ ഒച്ച കുലുക്കി ഉണർത്തി. നേഴ്സിൻ്റെ കൈയ്യിലെ ക്രീംകളർ കടലാസ് കുഞ്ഞനന്തൻ മരണപ്പെട്ടുവെന്ന ഔദ്യോഗിക രേഖയാണ്. കടലാസ് ഞാൻ ഏറ്റു വാങ്ങുമ്പോൾ ഞാൻ കുഞ്ഞനന്തൻ്റെ ആരുമല്ലെന്ന് പറയാൻ തോന്നിയില്ല.. അയാൾ എൻ്റെ ബന്ധുവാണ്. രക്ത ബന്ധത്തിനപ്പുറവും ബന്ധുത്വം ഉണ്ടെന്ന് എഴുതിയത് ആരാണ് ? അറിയില്ല..
”ശ്രദ്ധിച്ച് പൂരിപ്പിക്കണം.. തെറ്റരുത്.. ഇത് പൂരിപ്പിച്ച് ഏൽപ്പിച്ചാൽ ബോഡി റീലീസ് ചെയ്യാം”. നേഴ്സിൻ്റെ  സ്വരത്തിൽ മുന്നറിപ്പ് കലർന്നിരുന്നു. 

വരാന്ത ശൂന്യമായിരുന്നു. സഖാക്കളെല്ലാം താഴെ ശാന്തേച്ചിയുടെ അടുത്താണ്.. ഒരു ചെറുപൂരത്തിനുള്ള ആൾകൂട്ടം ഉണ്ടായിരുന്നു അൽപ്പ സമയം മുന്നെ വരെ. പാർട്ടി നേതാക്കൾ, മന്ത്രിമാർ, കേട്ടറിഞ്ഞ് എത്തിയവർ എല്ലാം താഴെയാണ്. അകത്തെ തണുപ്പിൽ എൻ്റെ പ്രിയപ്പെട്ട സഖാവ് വെളള പുതച്ച് ഉറങ്ങുന്നുണ്ട്. ഇനിയൊരു വിളിയും കേൾക്കാൻ പ്രജ്ജയില്ലാതെ…
എന്തോ ലിഫിറ്റ് കാത്ത് നിൾക്കാൻ തോന്നിയില്ല.. പടി കെട്ട് ഇറങ്ങുമ്പോൾ ഞാൻ കൈവരിയിൽ പിടിച്ചിരുന്നുവോ! ഓർമ്മയില്ല.. ബലം നഷ്ടപ്പെടുമ്പോഴാണല്ലോ നാം ഊന്ന് വടികളെ ആശ്രയിക്കുക.

അൽപ്പം മുന്നെ പി കെ കുഞ്ഞനന്തൻ്റെ വീടും ലോകവുമെല്ലാമായ ആശുപത്രി മുറിയുടെ മുന്നിൽ ഇരിക്കുമ്പോഴാണ് കുട്ടേട്ടൻ വിളിക്കുന്നത്, എടാ ആൾ പോയി.. അടുത്തിരുന്ന ഷബ്ന കേൾക്കാതിരിക്കാൻ ഞാൻ ഫോണിൻ്റെ വോള്യം പരമാവധി താഴ്ത്തി. കസേരയിൽ നിന്ന് എണ്ണീറ്റ് മൂലയിലേക്ക് മാറി നിന്ന് ഒച്ച താഴ്ത്തി  സംസാരിക്കുന്ന എന്നെ ഷബ്ന ശ്രദ്ധിക്കാതിരിക്കാൻ മുഖം തിരിച്ച് നിന്നു.എപ്പോൾ വേണമെങ്കിലും എത്താവുന്ന ഒരു ഫോൺ കോളിനപ്പുറത്ത് കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയുണ്ടാകുമെന്നത് ഉറപ്പായിരുന്നു. 

പക്ഷെ ഈ വാർത്ത തെറ്റായിരിക്കും എനിക്ക് ഉറപ്പായിരുന്നു. കുറച്ച് മുന്നേ ഞാൻ പോയി നോക്കുമ്പോൾ ബിപി 25 ൽ എത്തിയിരുന്നു. ഇത്രപ്പെട്ടെന്ന് സംഭവിക്കില്ലെന്ന ഉറപ്പിന് പുറത്തേക്കാണ് കൂട്ടേട്ടൻ്റെ ഫോൺ കാൾ. ഫോൺ കട്ട് ചെയ്ത  എന്നെ ഷബ്ന സൂക്ഷിച്ച് നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. അവൾക്ക് എല്ലാം മനസിലായെന്ന് തോന്നുന്നു. അവൾക്ക് ആരാണ് അവളുടെ അച്ഛനെന്ന് അറിയാവുന്ന എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. വെറുതെ ഒന്ന് തലയിൽ തലോടി. മുളചീന്തും പോലെ ഒരു കരച്ചിലോടെ അവൾ എൻ്റെ ദേഹത്തേക്ക് വീണു. എണീറ്റിരിക്ക് എന്ന് പറയാൻ ആണ് എനിക്ക് തോന്നിയത്. പറഞ്ഞില്ല! മുറിയിൽ കയറി, ശാന്തേച്ചി കസേരയിൽ ഇരിപ്പുണ്ട്.. മൂക്കിന് മുകളിലെ കണ്ണാടിയിൽ മഴപെയ്ത് തോർന്നത് പോലെ ജല ഛായ ചിത്രങ്ങൾ കാണാം. ഭാഗ്യം അവർക്കെൻ്റെ കണ്ണിലെ കള്ളം തിരിച്ചറിയാൻ കഴിഞ്ഞില്ല..

ഈ സമയത്ത് അടുത്തെത്തുന്ന പ്രിയപ്പെവർക്ക് പറയാൻ ശുഭവാർത്തകൾ ഉണ്ടാവില്ലെന്ന് പ്രായം ഈ കാലം കൊണ്ട് അവരെ പഠിപ്പിച്ചിട്ടുണ്ടാവും. കുഞ്ഞനന്തൻ കൊല്ലപ്പെട്ടെന്ന് ഈ ജീവിതത്തിൽ ആ സ്ത്രീ എത്ര വട്ടം കേട്ടിട്ടുണ്ടാവും! കരുത്തയായ സ്ത്രീയാണവർ ,പാനൂരിലെ കുഞ്ഞനന്തൻ്റെ ഭാര്യ.. പാനൂരിലെ എല്ലാ കമ്മൂണിസ്റ്റുകാരുടെയും ഭാര്യമാർ കരുത്തരായിരിക്കും.. എപ്പോൾ വേണമെങ്കിലും വൈധവ്യം സംഭവിച്ചേക്കാവുന്ന  ദുർബലമായ താലി കൊണ്ടാണ് കാലം ഇത്തരം സ്ത്രീകളെ അടയാളപ്പെടുത്തുക..

സംഘർഷങ്ങളുടെ ചുഴിയും മലരും നീന്തീ  കടന്ന് വന്ന കുഞ്ഞനന്തൻ്റെ ഭാര്യയോട് സഖാവ് പോയെന്ന് പറയാൻ എനിക്ക് തോന്നിയില്ല. അതിന് ഉത്തരവാദപ്പെട്ടവർ പറയട്ടെ ഞാൻ ആരുടെയും ബന്ധുവല്ലല്ലോ..!

ചിലതൊക്കെ പറയണമെങ്കിൽ രക്ത ബന്ധം അനിവാര്യമാണ്…
പക്ഷെ ഞാൻ വെറുതേ ശാന്തേച്ചിയുടെ കൈയ്യിൽ തൊട്ടു.. അവർക്കെല്ലാം മനസിലായെന്ന് തോന്നുന്നു. മുറിയിലേക്ക് കയറി വന്ന ഷബ്നയുടെ നിരാശ കലർന്ന  കരച്ചിലിൽ ശാന്തേച്ചിക്ക് ഉള്ള എല്ലാ ഉത്തരവും ഉണ്ടായിരുന്നു.

കുഞ്ഞനന്തൻ പോയെന്ന്  മകളോടും ഭാര്യയോടും പറയാതെ പറയാൻ എന്തിനാണ് വിധി എന്നെ ചുമതലപ്പെടുത്തിയത്.. ഞാൻ ആരുടെയും ബന്ധുവല്ലല്ലോ! ബന്ധുത്വത്തിൻ്റെ നിർവചനങ്ങൾ ആരാണ് എഴുതുകയും, മായ്ക്കുകയും ചെയ്യുന്നത് ?
നിമിത്തവും, നിയോഗവും പലതും നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. കുഞ്ഞനന്തൻ്റെ മരണപത്രവും പൂരിപ്പിക്കാനുള്ള നിയോഗവും അത്തരത്തിലുള്ളതാവാം.. ഒരിക്കൽ കൂടി ഞാനാ മുറിയിലെത്തി എ വിജയരാഘവൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എല്ലാം നി ൽപുണ്ട്. പുറത്ത് റിജു, ബിനീഷ് കോടിയേരി അനിയേട്ടൻ, ബൈജു ഏട്ടൻ ,മനോജ് എട്ടൻ മറ്റാരെക്കയോ.. ഷബ്ന ആധാർ എടുത്ത് തന്നു, ഞാനും ഫർസാനയും കൂടി കോളങ്ങൾ പൂരിപ്പിക്കുന്നു. ഇ പി ജയരാജൻ ഇടക്ക് വന്നു.

എണ്ണീക്കാൻ നോക്കിയപ്പോൾ ഇരുന്നോ എഴുത്ത് നടക്കട്ടെ എന്ന് പറഞ്ഞു.. കോളമെല്ലാം പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് അമ്മയും ചക്കുവും അച്ഛനും എല്ലാം മാറി മാറി വിളിക്കുന്നുണ്ട്. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വെച്ചു… ഇറങ്ങുമ്പോൾ ഞാൻ ഷബ്നയോടും, ശാന്തേച്ചിയോടും യാത്ര ചോദിച്ചില്ല.. ബന്ധുക്കൾ തമ്മിൽ ഉപചാരങ്ങൾ പതിവുണ്ടോ? അറിയില്ല
വീണ്ടും ICUവിലേക്ക്… ഇടനാഴികളിലൂടെ നടക്കുമ്പോൾ ഓർമ്മകൾ തിരമാല പോലെ വരുന്നു.. എഴുതാതെയിട്ട ഓർമ്മകൾക്ക്  പുറത്തേക്ക് ഉപ്പുവെള്ളം ഇരച്ച് കയറുന്നു. ഓർമ്മകളെ മായ്ച്ച് തിര പുറകിലേക്ക് മടങ്ങുന്നു.

2019 ജനുവരിയിൽ ആണ് സഖാവിനെ തിരുവനന്തപുരത്ത് കൊണ്ട് വരുന്നത്. ഇടയ്ക്ക് എപ്പഴോ കുഞ്ഞനന്തന് സുഖചികിൽസയെന്ന് ഏതോ പത്രത്തിൽ വാർത്ത കണ്ടിരുന്നു.  ഷബീർ ആണ് പറഞ്ഞത് കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടെന്ന് മകളുടെ നമ്പർ തന്നു. ക്ഷേമം അന്വേഷിക്കാൻ വിളിച്ച ആദ്യ വിളിയിൽ മറുപുറത്ത് പരുഷമായ മറുപടികൾ, മുഴുവൻ മാധ്യമങ്ങളോടും പകയോ പരിഭവമോ മറ്റെന്തെകയോ.. ക്ഷേമം അന്വേഷിക്കാൻ വിളിച്ച വിളികൾ ഷബ്നയെ എൻ്റെ മൂന്ന് വയസുകാരൻ മകൻ്റെ  കൂക്കൂ അമ്മയാക്കി, എൻ്റെ യൂം  ഭാര്യയുടെയും ഉപദേശങ്ങൾ തരുന്ന മൂത്ത ചേച്ചിയാക്കി, എൻ്റെയും ഭാര്യ വീട്ടിലേയും അച്ഛനമ്മമാരുടെ അടുപ്പക്കാരിയാക്കി..
എനിക്ക് ഇവരുമായി ബന്ധുത്വം ഇല്ലെന്ന് ആരാണ് പറഞ്ഞത്. !!  രക്തബന്ധങ്ങൾ ഇല്ലെങ്കിലും ഇവരൊക്കെ എൻ്റെയും, കുടുംബത്തിൻ്റെയും ആരെക്കയോ ആണ്
ആദ്യമായി കണ്ടപ്പോൾ ഷബ്നയോട് ആദ്യം ചോദിച്ചത് എന്നാ ലണ്ടനിൽ നിന്ന് വന്നതെന്ന് ! ..

പണ്ടെതോ മാധ്യമത്തിൽ  കുഞ്ഞനന്തൻ്റെ മകൾ ലണ്ടനിൽ ആണെന്ന്  വാർത്ത കണ്ടിരുന്നു.. മേൽപ്പോട്ട് വെച്ച ഗോപി പൊട്ട് ചുളിച്ച് ഷബ്നയും മനോഹരേട്ടനും  ചിരിച്ച ചിരി ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. കുഞ്ഞനന്തൻ്റെ മകൾ ലണ്ടനിൽ അല്ലെന്നും പാനൂരിലെ അധ്യാപിക ആണെന്നും അറിഞ്ഞപ്പോൾ ആദ്യമുണ്ടായ ആശ്ചര്യം കൗതുകമായി… മാധ്യമ പ്രവർത്തകൻ ആയ ഞാൻ പോലും ധരിച്ചതെന്നും ശരിയല്ലെന്ന് മനസിലായി
കൽപ്പിത കഥകളിലൂടെ ഞാൻ കേട്ടറിഞ്ഞ കുഞ്ഞനന്തൻ ഉണ്ട്… അനുഭവ യാഥാർത്യങ്ങളിലൂടെ ഞാൻ അടുത്തറിഞ്ഞ കുഞ്ഞനന്തൻ ഉണ്ട്…

കൽപ്പിത കഥകളിലെ കുഞ്ഞനന്തനെ ഞാനും എല്ലാ മലയാളികളെ പോലെ തെറ്റിധരിച്ചിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ പാടില്ലായിരുന്നു എന്ന ബോധ്യം അന്നും ഇന്നും ഉണ്ട്. ഒരു പക്ഷെ ആ ചിന്തകൾ ആയിരിക്കാം എന്നെയും സ്വാധീനിച്ചിട്ടുണ്ടാവുക.. കില്ലർ സ്ക്വാഡിൻ്റെ  തലവൻ എന്നും, കണ്ണൂരിലെ കിംഗ് മേക്കർ എന്നും വിളി പേര് ഉള്ള കുഞ്ഞനന്തൻ.. ചാർത്തപ്പെടുന്ന  പട്ടങ്ങൾ പെട്ടന്ന് മായില്ല.. എത്രയെഴുതിയാലും ചില സത്യങ്ങൾ കൽപ്പാന്തകാലത്തോളം  ആരും വിശ്വസിക്കില്ല. എൻ്റെ ഉള്ളിലെ ഞാനാണ് ഒരോ മലയാളിയും.

പൊതുബോധ്യങ്ങൾ മാറ്റാൻ പ്രയാസം ആണ് .
ടി പി ചന്ദ്രശേഖരനെ വധിക്കാൻ പാറട്ടെ വീട്ടിൻ്റെ പൂമുഖത്ത് വെച്ച് കുഞ്ഞനന്തൻ ഗൂഢാലോചന നടത്തി എന്നാണ് കേസ്. ട്രൗസർ മനോജും, കെ.സി രാമചന്ദ്രനും കുഞ്ഞനന്തനും കൂടി അവിടെ കൂടിക്കാഴ്ച്ച നടത്താൻ പോകുന്നത് ഒരു സാക്ഷി ഇത് കണ്ട് പോലും… തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ സന്താനഗോപാല പൂജക്ക് പോകും വഴി താൻ നിന്ന സ്ഥലത്ത് കൂടി ഇരുവരും ബൈക്ക് ഓടിച്ച് പോകുന്നത് കണ്ടെന്നാണ് സാക്ഷി മൊഴി.. ഈ മൊഴിയിലാണ് കുഞ്ഞനന്തൻ ശിക്ഷിക്കപ്പെടുന്നത്.. പ്രതികൾ ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തി എന്ന് കണ്ടവർ ആരും ഇല്ല.. അങ്ങനെ പോലീസ് പറയുന്നുമില്ല.. പൊതു വഴിയിലൂടെ രണ്ട് പേർ ബൈക്കിൽ പോകുന്നു അത് കുഞ്ഞനന്തൻ്റെ വീട്ടിലേക്ക് ആയിരിക്കാം എന്ന് സംശയാതീമായി പോലീസ് ഉറപ്പിക്കുന്നുമില്ല.. ഇരുവരും ബൈക്കിൽ പോകുന്ന സമയത്ത് കുഞ്ഞനന്തൻ വീട്ടിൽ ഉണ്ടായിരുന്നോ? അതും പോലീസിന് ഉറപ്പില്ല.. പ്രതികളെ ആരെങ്കിലും കുഞ്ഞനന്തൻ ഫോണിൽ ബന്ധപ്പെട്ടു എന്നും കേസില്ല.. മോഹനൻ മാസ്റ്ററെ ഒരിക്കൽ ബന്ധപ്പെട്ടിട്ടുണ്ട്.

തലശ്ശേരി ഏരിയാ കമ്മറ്റി അംഗം കുഞ്ഞിരാമനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ഗൂഢാലോചനക്ക് വേണ്ടി ആണ് പോലും, സി പി എം നേതാവ് ആയ കുഞ്ഞനന്തൻ മറ്റ് രണ്ട് സി പി എം നേതാക്കളെ ഫോണിൽ ബന്ധപ്പെടുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയ പോലീസ് ഭാഷ്യം കോടതി വിശ്വാസത്തിലെടുത്തു.. പോലീസിൻ്റെ പൂക്കട തീയറി പോലെ കൗതുകവും പരികൽപ്പനകളും എല്ലാം ചേരുന്ന മറ്റൊരു ഗൂഢാലോചന സിദ്ധാന്തം ആണത്. ഈ അടുത്ത കാലത്ത് പാറാട്ടെ വീട്ടിൽ പോയപ്പോൾ സാക്ഷി നിന്നു എന്ന സ്ഥലത്ത് നിന്ന് ഞാൻ ദൂരേക്ക് നോക്കി.. സാക്ഷി നിന്നു എന്ന് പറയുന്ന  സ്ഥലത്ത് നിന്ന് നോക്കിയാൽ കുഞ്ഞനന്തൻ്റെ വീട് പോലും കാണാൻ കഴിയില്ല.. ആ വീട്ടിനുളളിൽ നടന്നത് ഗൂഢാലോചന ആണെന്ന് പിന്നെ പോലീസ് എങ്ങനെ നിഗമനത്തിലെത്തി? കൊലപാതകികൾ ആയ രണ്ട് പേർ റോഡിലൂടെ ബൈക്ക് ഓടിച്ച് പോയത് കുഞ്ഞനന്തൻ്റെ വീടിൻ്റെ ഭാഗത്ത് കൂടി ആയത് കൊണ്ട് കുഞ്ഞനന്തൻ പ്രതി ! കുഞ്ഞനന്തൻ കുറ്റവാളി !

നിയമവും നീതിയും രണ്ടും രണ്ടാണെന്ന് പറഞ്ഞതാരാണെന്ന് അറിയില്ല.. പക്ഷെ കുഞ്ഞനന്തൻ്റെ കാര്യത്തിൽ അത് അച്ചട്ടായി…
കീഴ് കോടതികൾ ശിക്ഷിച്ച എത്രയോ പ്രതികളെ മേൽകോടതികൾ വെറുതെ വിട്ടിരിക്കുന്നു ..
ഹൈക്കോടതിയിൽ അപ്പീൽ നൽകി വിടുതൽ തേടുന്നതാണ് ശരിയെന്ന പക്ഷക്കാരാനാണ് ഞാൻ .. പക്ഷെ ജീവിച്ചിരിപ്പില്ലാത്ത വ്യക്തിക്ക്  ഇനി ആ നീതി ലഭിക്കുമോ ? അറിയില്ല !
മെഡിക്കൽ കോളേജിലെ ആശുപത്രിമുറിയിൽ വെച്ച് എന്നോട് മണിക്കൂറുകളോളം സംസാരിക്കുന്ന കുഞ്ഞനന്തനെ എനിക്കറിയാം. ചെങ്കൊടി കുത്താൻ അവകാശം ഇല്ലായിരുന്ന പാനൂർ  ഇന്ന് കാണുന്ന പാനൂർ ആയ കഥ അദ്ദേഹം പറയുമ്പോൾ ഞാൻ സാകൂതം കേട്ടിരുന്നിട്ടുണ്ട്.

കര പ്രമാണിമാരും, ജൻമികളും, ആർ എസ് എസ് കാരും ,പഴയ ജനസംഘവും എല്ലാം സി പി എം നെ വേട്ടയാടിയ കഥകൾ ഒരു നാടിൻ്റെ ചരിത്രമാണ്. പാനൂരിൻ്റെ ചരിത്രം എഴുതുന്ന ഒരു രാഷ്ട്രീയ ചരിത്ര ഗവേഷകനും കുഞ്ഞനന്തൻ എന്ന പാഠപുസ്തകം വായിക്കാതെ പോകാൻ ആവില്ല ഇടക്ക് ഷബ്നയുടെ ഫോൺ വന്നു, അവര് ഇറങ്ങുകയാണെന്ന്… നിർവികാരമായി ഞാൻ മൂളി.. അവർ പോകുന്നത് കാണാൻ ഞാൻ നിൾക്കാതിരുന്നത് നന്നായി.. അച്ഛൻ്റെ പ്രിയപ്പെട്ട ട്രാൻസിസ്റ്റർ അവൾ എടുത്ത് കാണുമോ എന്തോ ? ഓർമ്മ നഷ്ടപ്പെടും മുൻപ് അച്ഛൻ അവസാനമായി കേട്ട പാട്ട് ‘ഹ്യദയം ഒരു വീണയായി’  എന്ന പാട്ടായിരുന്നു പോലും.. തമ്മിൽ തമ്മിൽ എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്ത ഈ പാട്ട് കേട്ടോണ്ടിരിക്കെ പാട്ടിലെ ഏതോ ചില വരികൾ എത്തിയപ്പോൾ സഖാവ് കൂടെ പാടി പോലും ! ..

ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ കുഞ്ഞനന്തൻ്റെ ഓർമ്മ എന്നേക്കും ആയി നഷ്ടമായി.. പിന്നെ വെൻറിലേറ്റിലേക്ക്.. ഓർമ്മയിൽ ജീവിച്ച അവസാന കാലത്തൊന്നും ഞാൻ സഖാവിനെ കാണാൻ പോയിട്ടില്ല.. മഹാവ്യാഥിയുടെ കാലത്ത് കാണേണ്ട എന്നത് എൻ്റെ തീരുമാനം ആയിരുന്നു.. സഖാവിനെ ഞാന്‍ അവസാനകാലത്ത് കാണാന്‍ ചെല്ലാത്തതില്‍ ഇടക്ക് എപ്പ‍ഴോ ഷബ്ന വ‍ഴക്കിട്ടത് ഞാന്‍ ഒാര്‍ക്കുന്നു.. പക്ഷെ ഞാന്‍ പോയില്ല… ചക്കു അവസാനമായി കാണാന്‍ ചെന്നപ്പോള്‍ സഖാവ് കുറെ ഉപദേശം ഒക്കെ കൊടുത്തിട്ടാണ് വിട്ടത്. എന്‍റെ മൂന്ന് വയസ് തികയാത്ത മകന്‍ സഖാവിനെ വീഡിയോ കോളില്‍ കാണുമ്പോള്‍ അവന്‍ അപ്പൂപ്പാ എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്… ആരാണ് അവനെ അങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചത് …
ചില ബന്ധങ്ങള്‍ അങ്ങനെയാണ്..

ബന്ധുത്വത്തിന് നിര്‍വചനങ്ങളോ സിദ്ധാന്തങ്ങളോ ആവശ്യമില്ല…!
ഒാണത്തിന് ഞാന്‍ മേടിച്ച് കൊടുത്ത മുണ്ടൊക്കെ ഉടുത്ത് സഖാവ് ഉന്‍മേഷവാനായി ഇരുന്നപ്പോള്‍ ഷബ്ന എന്നെ വീഡിയോ കോള്‍ വിളിച്ചു… എന്നൊടും അമ്മയോടും ചക്കുനോടും അച്ഛനോടും, മോനോടും എല്ലാം സംസാരിച്ചു… ഒാര്‍മ്മകള്‍ ഭ്രാന്തമായി എനിക്ക് ചുറ്റും ചൂളം കുത്തുകയാണ് … താ‍ഴേ പാര്‍ട്ടി നേതാക്കള്‍ എല്ലാം സഖാവിന്‍റെ അവസാനവരവിനായി കാത്ത് നിള്‍ക്കുന്നു… ലിഫ്റ്റ് ഇറങ്ങി നിശ്ചേതനനായി സഖാവ് ഇറങ്ങി വരിയാണ് … എല്ലാരുമുണ്ട് പക്ഷെ ആള്‍കൂട്ടത്തില്‍ ഞാന്‍ ഒറ്റക്കാവുന്നു… നേതാക്കള്‍ ചേര്‍ന്ന് ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.. പിന്നെ ആബുലന്‍സിലേക്ക്.. മുന്നില്‍ ബിനീഷ് കോടിയേരിയും, അനിയേട്ടനും… പുറകില്‍ ലെനിനും മറ്റാരെക്കയോ… സഖാവ് മെഡിക്കല്‍ കോളേജ് ഗേറ്റ് കടന്ന് പോകുന്നത് ഞാന്‍ ഉറ്റ് നോക്കി നിന്നു..

ജീവനോടെ നമ്മുക്ക് വീട്ടില്‍ പോകാം സഖാവേ എന്ന് ഞാന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു..വെറുതെയായി..മരണം അനിവാര്യമായ സത്യമാണ് എന്നാണെങ്കിലും അത് തേടി വരും.. എന്നോ രക്തസാക്ഷിയായി പാനൂര്‍ ആപ്പീസിന്‍റെ ഭിത്തിയില്‍ ഇരിക്കേണ്ട ആളാണ് കുഞ്ഞനന്തന്‍ .ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഇ പി ജയരാജനെ ബോംബെറിഞ്ഞ കേസ് കോടതി വെറുതെ വിട്ടത്.. പാനൂരിലെ ഒരു രക്തസാക്ഷിയുടെ വീട്ടിലേക്ക് പോയി മടങ്ങി വരും വ‍ഴി കല്ലെറിയും പോലെ ആണ് ബോംബ് വന്ന് വീണത്. ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍റെ കാറിന് നേരെ കാക്ക ഷാജിയും സംഘവും നിര്‍ത്താതെ ബോംബ് എറിയുമ്പോള്‍  ജയരാജന്‍റെ ഇടത്തെ സീറ്റില്‍ അക്ഷേഭ്യനായി ഇരുന്ന കുഞ്ഞനന്തന്‍റെ കഥ ഞാന്‍ ഞെട്ടലോടെ കേട്ടിട്ടുണ്ട്. അയാളെ അറിയാവുന്നവര്‍ക്ക് അറിയാം അയാള്‍ ഒരു ഘട്ടത്തിലും മരണത്തെ ഭയപ്പെട്ടിരുന്നില്ല..

എത്രയോ വട്ടം ആശുപത്രി മുറിയില്‍ വെച്ച് ഞാന്‍ അത് ബോധ്യപ്പെട്ടിട്ടുണ്ട്. മരണത്തിലേക്കും ജീവിതത്തിലേക്കും മാറി മാറി  നീന്തുന്ന കുഞ്ഞനന്തന്‍റെ മനകരുത്ത് ഡോക്ടറമാരെ പോലും അല്‍ഭുതപെടുത്തിയിട്ടുണ്ട്.. അവസാനിച്ചു എന്ന് കരുതിയടുത്ത് നിന്ന് അയാള്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നു വൈദ്യശാസ്ത്രത്തെ പോലും അല്‍ഭുതപ്പെടുത്തി…
ഞാന്‍ ഇന്ന് വെറുതെ ഫെയ്സ്ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ കുഞ്ഞനന്തന് പരിഹാസത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പോസ്റ്റുകള്‍ കണ്ടു.വെറുതേ ട്രോളുന്നവരുണ്ടാകാം.. ബോധപൂര്‍വ്വം ട്രോളുന്നവരുണ്ടാകാം.. ടിപി ചന്ദ്രശേഖരനോടുളള വൈകാരികതയില്‍ പോസ്റ്റ് ഇടുന്നവരുണ്ടാകാം.. അവരില്‍ ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പെയുളള എന്നെ കാണുന്നത് കൊണ്ട് അവരോട് എനിക്ക് അമര്‍ഷം തോന്നുന്നില്ല…

കുഞ്ഞനന്തന്‍ മരണത്തോട് മല്ലിടുന്ന ഘട്ടത്തില്‍ അയാള്‍ക്ക് സുഖവാസമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് എന്‍റെ മുന്നിലിരുന്ന് പ്രതിപക്ഷനേതാവ് ഒാക്കെ തട്ടിവിടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്..എന്‍റെ ഫോണില്‍ കിടക്കുന്ന ഫോട്ടോ കാണിച്ച് കൊടുത്തിട്ട് ഇതാണ് കുഞ്ഞനന്തന്‍റെ സുഖവാസമെന്ന് പറയാന്‍ തോന്നിയിട്ടുണ്ട്.. പിന്നെ ഒാര്‍ത്തു അവര്‍ അവരുടെ രാഷ്ട്രീയം പറയുന്നു അതില്‍ നമ്മ‍ള്‍ എന്തിന് പരിഭവിക്കണം..!! കൊലക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് ഏ‍ഴ് കൊല്ലം ജയിലില്‍ കിടന്ന മമ്പറം ദിവാകരനെ പിണറായിക്കെതിരെ ക‍ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ നിങ്ങളുടെ വാക്കും പ്രവൃത്തിയുമായി യാതൊരുബന്ധവും ഇല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്… അന്ന് ഞാന്‍ ചോദിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് എന്തോ തട്ടാമുട്ടി മറുപടിയും പറഞ്ഞു..

കുഞ്ഞനന്തന്‍റെ ‍വ‍ഴി അവസാനിക്കുന്നു… ഷബ്ന ചിതക്ക് തീ കൊളുത്ത ദൃശ്യം ടിവിയില്‍ കാണിക്കുന്നത് കണ്ടു.. ഷിറില്‍ വന്നിട്ടുണ്ട്.. പോകണം.. ആരോ എ‍ഴുതിയത് കണ്ടു ‘ഒരു ദശകമിവിടെ വിട ചൊല്ലി മറയുന്നു ഒരു പൂമരക്കാറ്റ് പെയ്ത പോലെയെന്ന്’ വിയോജിപ്പ് ഉണ്ട്… കുഞ്ഞനന്തന്‍റെ മരണം അപ്രകാരമുളളതല്ല.. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി നേതാവും കമ്മ്യൂണിസ്റ്റും ആയിരുന്ന സാങ്ങ് സൈഡ് എന്ന പോരാളി ജാപ്പനീസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ചെയര്‍മാന്‍ മാവോ സെ തൂങ്ങ് പറഞ്ഞൊരു വാചകമുണ്ട്..

Though death befalls all men alike, it may be heavy as Mount Tai or light as a feather ” To die for the people is weightier than Mount Tai, but to work for the fascists and die for the exploiters and oppressors is lighter than a feather. Comrade Zhang Side died for the people, and his death is indeed weightier than Mount Tai”.

സഖാക്കളേ, എല്ലാ മനുഷ്യർക്കും ഒരു പോലെ മരണം സംഭവിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി മരിക്കുന്നത് തായ് പർവ്വതത്തേക്കാൾ ഘനപ്പെട്ടതും ഫാസിസ്റ്റുകൾക്കു വേണ്ടി പ്രവർത്തിക്കുകയും ചൂഷകരക്കും മർദ്ദകർക്കും വേണ്ടി മരിക്കുകയും ചെയ്യുന്നത് ഒരു പക്ഷി തൂവലിനേക്കാൾ നിസ്സാരവും ആകുന്നു…

സഖാവ് കുഞ്ഞനന്തന് എന്‍റെ അന്ത്യാഭിവാദനം …

By jeevan kumar

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here