നടിയെ ആക്രമിച്ച കേസ്; ‘വിഐപി’ ശരത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു

0
259

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതൻ ആലുവ സ്വദേശി ശരത് ജി. നായരെന്നു സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ഇയാളുടെ ശബ്ദ സാംപിൾ പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തി സ്ഥിരീകരിച്ചത്.

നേരത്തെ ചില ചിത്രങ്ങൾ കാണിച്ചതിൽ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളിൽ സംവിധായകൻ ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൽ കൂടുതൽ സാധ്യത കൽപിച്ച മെഹ്ബൂബിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ശബ്ദവുമായി ഒത്തു നോക്കി അത് മെഹ്ബൂബല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

സംശയ നിഴലിലുണ്ടായിരുന്ന ശരത്തുമായി ഫോണിൽ സംസാരിച്ച് ശബ്ദ സാംപിൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ഫോൺ പ്രവർത്തന രഹിതമാക്കി മുങ്ങിയതാണ് അന്വേഷണത്തിനു വിലങ്ങു തടിയായത്. ഇതിനിടെ മറ്റു വഴികളിൽ ശബ്ദസാംപിൾ ശേഖരിച്ചാണ് പൊലീസ് വിഐപി ശരത്താണെന്ന് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തിൽ ശരത് എന്ന പേര് പരാമർശിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല.

ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവിന്റെ കുട്ടി ‘ശരത് അങ്കിൾ’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നായിരുന്നു പരാമർശം. എന്നാൽ ഇത് കുട്ടിക്കു പേരു മാറിയതാണോ എന്നായിരുന്നു സംശയം. തുടർന്നാണ് ഇയാളുടെ ശബ്ദസാംപിൾ ശേഖരിക്കാൻ ശ്രമമുണ്ടായത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയെന്നു മാത്രമല്ല, മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റു ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here