gnn24x7

ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

0
347
gnn24x7

സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുൻ റഗ്ബി താരമായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലാണ് സംഭവം. ഹന്ന ബാക്സ്റ്റർ(31) മക്കളായ ലയനാഹ്(6), ആലിയാഹ്(4)ട്രേയ്(3) എന്നിവരെയാണ് കാറിനുള്ളിലാക്കി ഭർത്താവ് തീ കൊളുത്തിയത്. കുഞ്ഞുങ്ങളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹന്ന ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

ഓസ്ട്രേലിയൻ മുൻ റഗ്ബി താരമായ റൊവാൻ ബക്സ്റ്ററാണ് ഭാര്യയെയും കുഞ്ഞുങ്ങളെയും കാറിനുള്ളിലാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിനു ശേഷം റൊവാൻ സ്വയം കുത്തി പരിക്കേൽപ്പിച്ചാണ് ആത്മഹത്യ ചെയ്തത്- എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തന്റെയും മക്കളുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം റൊവാൻ കാറിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ഹന്നയെ ഉദ്ധരിച്ച് എബിസി ഓസ്ട്രേലിയ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തു നിന്നു തന്നെയാണ് റൊവാന്റെ മൃതദേഹവും കണ്ടെത്തിയത്. റൊവാൻ തന്നെയാണോ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്.
റൊവാനും ഹന്നയും വേർപിരിഞ്ഞ് കഴിയുകയാണെന്നും ഇവരുടെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു മുമ്പ് ഹന്നയാണ് വാഹനം ഓടിച്ചിരുന്നതെന്നും റൊവാൻ മുന്നിലെ പാസഞ്ചർ സീറ്റിലാണ് ഇരുന്നതെന്നും പൊലീസ് പറയുന്നു.

റൊവാൻ തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചെന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണണെന്നും ഹന്ന രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് വിളിച്ചു പറഞ്ഞിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനെത്തിയവരെ റൊവാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.

ബ്രിസ്ബെയ്നിൽ ഫിറ്റ്നെസ് കമ്പനി നടത്തിവരികയാണ് ഇരുവരും. 2000 കളുടെ മധ്യത്തിൽ ന്യൂസിലാന്റ് വാരിയേഴ്സ് റഗ്ബി ലീഗ് സംഘടനയുമായി ബാക്സ്റ്ററിന് നല്ല ബന്ധമുണ്ടായിരുന്നു, പിന്നീട് ഓസ്ട്രേലിയയിലെ നിരവധി സ്പോർട്സ് ടീമുകളുടെ ഫിറ്റ്നസ് പരിശീലകനായി പ്രവർത്തിച്ചു.

ഹന്ന ക്ലാർക്ക് എന്നറിയപ്പെടുന്ന ഹന്ന ബാക്സ്റ്റർ കഴിഞ്ഞ വർഷം ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കുട്ടികളുമായി ക്യാമ്പ് ഹില്ലിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയിരുന്നു. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച നടപടികളിലായിരുന്നു ഇരുവരും.

ഓസ്‌ട്രേലിയയെ ഞെട്ടിച്ച കൊലപാതകത്തില്‍ പലയിടത്തും പ്രതിഷേധങ്ങളുയര്‍ന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ഹന്നയുടെയും മക്കളുടെയും മരണത്തില്‍ അനുശോചിച്ച് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പുകള്‍ നിറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here