gnn24x7

കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് ബ്രയാന്‍ ചെസ്‌കി

0
221
gnn24x7

കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് എയര്‍ ബിഎന്‍ബി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ബ്രയാന്‍ ചെസ്‌കി. ഇതു വരെ ജോലിയുടെ ഭാഗമായി ഏറെ യാത്രകള്‍ ചെയ്യുകയും സ്‌ക്രീനുകളില്‍ വിനോദം കണ്ടെത്തുകയും ചെയ്തുവെങ്കില്‍ ഇനി നേരെ വിപരീതമായ കാര്യങ്ങളാകും സംഭവിക്കുക. അടുത്ത കാലത്തായി ജോലിയുടെ ഭാഗമായി വിഡീയോ കോണ്‍ഫറന്‍സ് പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ഇനി ജോലി മൊബീല്‍, ലാപ് ടോപ്പ് സ്‌ക്രീനുകളിലും വിനോദം പുറത്തിറങ്ങിയുമാകും നടക്കുകയെന്ന് അദ്ദേഹം പറയുന്നു.

ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ പലരും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. ബിസിനസ് ട്രിപ്പുകള്‍ക്ക് മുമ്പു തന്നെ വിനോദ സഞ്ചാര മേഖല ഉണരും. റോഡ് ട്രിപ്പുകളാകും അതില്‍ കൂടുതലും.

ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ട് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുമ്പോഴും സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിലനില്‍ക്കും. അത് പാലിക്കാന്‍ ഗ്രൂപ്പ് യാത്രകളിലൂടെ ബുദ്ധിമുട്ടാകുമെന്നതിനാല്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനായിരിക്കും ആളുകള്‍ താല്‍പ്പര്യപ്പെടുക.

ആളുകള്‍ ഇനി തൊട്ടടുത്ത പ്രദേശങ്ങള്‍ മാത്രമാകും സന്ദര്‍ശിക്കുക എന്ന ചിന്താഗതിയെ അദ്ദേഹം എതിര്‍ക്കുന്നു. ഡിജിറ്റല്‍ നാടോടികളായി നീണ്ടു നില്‍ക്കുന്ന യാത്രകളിലാവും ആളുകള്‍. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ ദിവസം തങ്ങുന്നതിനുള്ള സൗകര്യങ്ങളിലേക്ക് ഹോം ഷെയറിംഗ് കമ്പനികള്‍ മാറേണ്ടതുണ്ടെന്നും ബ്രയാന്‍ ചെസ്‌കി പറയുന്നു.
ജോലിക്കായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചവര്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ, ജീവിത ചെലവ് വര്‍ധിച്ച നഗരങ്ങളില്‍ നിന്ന് മാറാനുള്ള താല്‍പ്പര്യം കാട്ടും. ഒരു നഗരത്തില്‍ മാത്രം കുറേ കാലം താമസിച്ച് ജോലി ചെയ്യാനാവര്‍ ഇനി ഇഷ്ടപ്പെടില്ല.

എന്തായാലും യാത്രകള്‍ക്ക് ആളുകള്‍ ഒരിക്കലും മുടക്കം വരുത്തില്ലെന്നാണ് ബ്രയാന്‍ ചെസ്‌കിയുടെ വിശ്വാസം. 1950 കളില്‍ 2.5 കോടി ആളുകളാണ് അതിര്‍ത്തി കടന്ന് വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം യാത്രികരുടെ എണ്ണം 140 കോടിയിലെത്തി. യാത്ര തത്കാലത്തേക്ക് നിന്നു പോയാലും വീണ്ടും തുടരുക തന്നെ ചെയ്യും- ബ്രയാന്‍ ചെസ്‌കി പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here