നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. എന്നാൽ, ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് അമേരിക്കൻ നടിയാണ്, പേര് – ഇന്ത്യ ജാർവിസ്.
ഇത് ആദ്യമായാണ് ഇന്ത്യ ജാർവിസ് ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് യാത്ര ചെയ്തത്.
തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകളിൽ ഇന്ത്യയ്ക്ക് മലയാളം പറയേണ്ടത് ഉണ്ടായിരുന്നു. ടൊവിനോയാണ് അതിന് സഹായിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.
ജിയോ ബേബി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.