gnn24x7

അസ്വാഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ നിർദ്ദേശം

0
146
gnn24x7

കൊച്ചി: അസ്വാഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തില്‍  സംസാരിക്കുകയായിരുന്നു വികസന കമ്മീഷണര്‍. എറണാകുളം ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ടടുത്ത ജില്ലകളില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍ കരുതലും സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.

ആരോഗ്യവകുപ്പിലെ ഫീല്‍ഡ്തല പ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള അവബോധം നല്‍കും. ഫീല്‍ഡ് തലത്തില്‍ പക്ഷികളില്‍ കാണുന്ന അസ്വാഭാവിക ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും  അനുബന്ധ ഉപവകുപ്പുകള്‍ ആയ മൃഗസംരക്ഷണ വകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നിന്റെയും അനുബന്ധ സാധനങ്ങളുടെയും ലഭ്യത  ഉറപ്പാക്കും. ഏതെങ്കിലും പ്രദേശത്ത് പനിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും അസ്വാഭാവിക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ജില്ലാതലത്തിലേക്ക് അറിയിക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

പക്ഷിമൃഗാദികളെ  കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് പ്രത്യേക മുന്‍കരുതല്‍ നടപടികളായ പ്രതിരോധമരുന്ന്, വ്യക്തിഗത സുരക്ഷ മാര്‍ഗ്ഗങ്ങള്‍ എന്നിവ ലഭ്യമാക്കും. വനം വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പക്ഷിപ്പനിയെ കുറിച്ചുള്ള ബോധവല്‍ക്കരണവും ആവശ്യമായ പരിശീലനവും നല്‍കും. ദേശാടന പക്ഷികള്‍ വരുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പക്ഷികളുടെ വിസര്‍ജ്യം രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് എടുക്കുന്ന പ്രക്രിയ തുടരാനും യോഗത്തില്‍ തീരുമാനമായി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7