gnn24x7

അമേരിക്കയിൽനിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ

0
157
gnn24x7

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽനിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കൻ സൈന്യം നിലവിൽ ഉപയോഗിക്കുന്ന മീഡിയം ആൾട്ടിട്യൂഡ് ലോങ് എൻഡുറൻസ് ( MALE ) പ്രെഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാനുള്ള താത്‌പര്യം അമേരിക്കയെ ഇന്ത്യ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഉയർന്ന് പറന്ന് നിരീക്ഷണം നടത്താനും നിർദിഷ്ട ലക്ഷ്യം മിസൈൽ ഉപയോഗിച്ചോ ലേസർ ഗൈഡഡ് ബോംബുപയോഗിച്ചോ തകർക്കാനുള്ള ശേഷി പ്രെഡേറ്റർ- ബി ഡ്രോണുകൾക്കുണ്ട്. നിലവിൽ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രായേൽ നിർമിത ഹെറോൺ ഡ്രോണുകളാണ്. സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിൽ ഇവയെ ഉപയോഗിച്ചാണ് സൈന്യം ചൈനീസ് നീക്കങ്ങൾ മനസിലാക്കുന്നത്.

ഇപ്പോൾ ചൈനയെ ഉദ്ദേശിച്ച് കൂടി മാത്രമല്ല ഇന്ത്യ പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ആലോചിക്കുന്നത്. ചൈനയുടെ പക്കൽ വിങ് ലൂങ്-2 എന്ന അറ്റാക് ഡ്രോണുകളുണ്ട്. ഇവയുടെ നാലെണ്ണം പാകിസ്താന് വിൽക്കാൻ ചൈന തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തിര പ്രാധാന്യത്തോടെ അമേരിക്കൻ ഡ്രോണുകൾ വാങ്ങാൻ താത്‌പര്യപ്പെടുന്നത്. ചൈനയുമായി സഹകരിച്ച് 48 ഡ്രോണുകൾ നിർമിക്കാനും പാകിസ്താന് പദ്ധതിയുണ്ട്.

അതേസമയം, ഇന്ത്യയ്ക്ക് 400 കോടി ഡോളറിന് 30 സീ ഗാർഡിയൻ ഡ്രോണുകൾ നൽകാമെന്ന് അമേരിക്ക മുമ്പ് അറിയിച്ചിരുന്നു. പ്രെഡേറ്ററിനേപ്പോലെ തന്നെയാണെങ്കിലും ഇതിന് ആയുധം വഹിച്ച് ആക്രമണം നടത്താനുള്ള സംവിധാനങ്ങളില്ല. ഈയൊരു കാരണം കൊണ്ട് സീ ഗാർഡിയൻ വാങ്ങാൻ ഇന്ത്യ താത്‌പര്യപ്പെട്ടില്ല. നിരീക്ഷണത്തിന് മാത്രമല്ല ആക്രമണത്തിനും ഉപയോഗിക്കാമെന്നതിനാൽ പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതാകും ഉചിതമെന്നാണ് സുരക്ഷാ സമിതി വിലയിരുത്തിയത്.

ഇറാഖ്, അഫ്ഗാൻ, സിറിയൻ യുദ്ധങ്ങളിൽ അമേരിക്ക വ്യോമാക്രമണത്തിന് ഉപയോഗിച്ചിരുന്നു. ഇവയുടെ പ്രഹരശേഷി അമേരിക്കൻ സൈന്യത്തിനെ വലിയതോതിലാണ് സഹായിച്ചത്. നാല് ഹെൽ ഫയർ മിസൈലുകളും 500 പൗണ്ട് ഭാരം വരുന്ന രണ്ട് ലേസർ ഗൈഡഡ് ബോംബുകളും വഹിക്കാൻ ഈ ഡ്രോണിന് ശേഷിയുണ്ട്.

എന്നാൽ ഇന്ത്യയ്ക്ക് ഡ്രോൺ നൽകുന്നതിൽ നിന്ന് അമേരിക്കയെ തടയുന്നതിന് പിന്നിൽ അതിന്റെ സാങ്കേതിക വിദ്യ റഷ്യയ്ക്ക് ചോർന്ന് കിട്ടുമോയെന്ന ഭയമാണ്. മാത്രമല്ല റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം വാങ്ങാൻ കരാർ ഒപ്പിട്ടതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്.

അതേസമയം, ഇന്ത്യ തദ്ദേശീയമായി സമാനമായ ഡ്രോൺ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ട്. നോയിഡ ആസ്ഥാനമായ സ്വകാര്യ കമ്പനി ഇത്തരത്തിലൊന്ന് വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ലഡാക്കിലെ പര്‍വ്വതമേഖലകളിൽ നടത്തിയ പരീക്ഷണ പറക്കലുകളിൽ ടിബറ്റൻ പീഠഭൂമിയിൽനിന്നുള്ള അതിശക്തമായ കാറ്റിൽ ഇതിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു എന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ റസ്റ്റം എന്ന അറ്റാക്ക് ഡ്രോണിന്റെ പണിപ്പുരയിലാണ്. ഈ വർഷം അവസാനത്തോടെ മാത്രമേ ഇതിന്റെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് സജ്ജമാവുകയുള്ളു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here