gnn24x7

കാര്‍ഷിക ബിൽ; പാർലമെന്റ് വളപ്പിൽ രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ

0
163
gnn24x7

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു. രാവിലെ അഞ്ച് മണിയോടെ കെ.കെ രാഗേഷ് എം.പി ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്നുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

പാര്‍ലമെന്റിന് മുന്നില്‍ ഇപ്പോള്‍ എന്ന് പറഞ്ഞ് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ പുല്ലില്‍ വിരിച്ച വിരികളില്‍ കിടന്നുറങ്ങുന്ന എം.പിമാരെ കാണാവുന്നതാണ്. അനിശ്ചിതകാലത്തേക്കാണ് സമരം ആരംഭിച്ചിരിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ ചൊവ്വാഴ്ച അറിയിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ച സമയത്ത് എം.പിമാര്‍ അറിയിച്ചത്.

രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ എം.പിമാര്‍ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരം കരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here