gnn24x7

രാജ്യവ്യാപക രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി; ബി.ജെ.പിക്കെതിരെ പടയൊരുക്കം

0
232
gnn24x7

കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സി.എ.എ, എന്‍.ആര്‍.സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനിന്ന രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നെന്ന സൂചനകള്‍ നല്‍കിയാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

രാഹുല്‍ഗാന്ധി നയിക്കുന്ന രാജ്യവ്യാപക രാഷ്ട്രീയ യാത്ര ജനുവരി 11ന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കര്‍ഷകരും ആദിവാസികളും ഗ്രാമീണരും ചെറുകിട സംരംഭകരും വ്യവസായികളും പ്രൊഫഷണലുകളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തിയുമാവും യാത്ര.

സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയെന്ന വിമര്‍ശനം മറികടക്കാന്‍ കൂടിയാണ് യാത്രയെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നി യാത്ര നടത്തുന്നതിലൂടെ ജനങ്ങളിലേക്ക് തിരിച്ചെത്താനാവുമെന്നാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

‘സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങള്‍ പരിഗണിക്കേണ്ടതുതന്നെയാണ്. എന്നാല്‍ അതിലുപരി രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യവസായികളുമടക്കമുള്ളവര്‍ നിലവില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതുണ്ട്. കൂടാതെ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെ പുകമറനീക്കി വെളിച്ചത്തുകൊണ്ടുവരികയും വേണം’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ജനുവരി 28ന് ജയ്പൂരില്‍വെച്ച് യുവാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് ചര്‍ച്ച നടത്തും.

‘ഇന്ത്യന്‍ യുവത്വത്തിന്റെ ശബ്ദമാണ് രാഹുല്‍ ജി. അതിരൂക്ഷമായ പ്രശ്‌നങ്ങളില്‍ നിരാശരായിക്കൊണ്ടിരിക്കുന്ന യുവാക്കളെ കേള്‍ക്കാനാണ് അദ്ദേഹം എത്തുന്നത്. അവരുടെ ശബ്ദം കേള്‍ക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടാനോ രാജ്യത്തെ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അവരുടെ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് യുവാക്കളെ നേരിട്ട് കേള്‍ക്കാന്‍ രാഹുല്‍ ജി എത്തുന്നത്’, രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ജനുവരി 30ന് വയനാട്ടില്‍ നടക്കുന്ന സി.എ.എ വിരുദ്ധ സമരം നയിക്കാനും രാഹുലെത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here