ന്യൂദല്‍ഹി: ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം കൈവശം വെക്കാന്‍ മുന്‍ രാജകുടുംബത്തിനല്ല അവകാശമെന്നും കോടതി അറിയിച്ചു.
ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞ ആഭരണത്തില്‍ പിന്നെയും കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
അതേസമയം ശബരിമല കേസില്‍ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതു വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.
പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാന്‍ കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകര്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചതു മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു.
പരിശോധനാ വിഷയങ്ങളില്‍ തീരുമാനമായാല്‍ അതു കോടതിയുടെ ഉത്തരവായി നല്‍കും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.