കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രിം കോടതിയിലേക്ക്. പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. പി.ആർ അരവിന്ദാക്ഷന്റെയും സി.കെ ജിൽസിന്റെയും ജാമ്യ ഉത്തരവിൽ ആയിരുന്നു ഹൈക്കോടതി പരാമർശം . ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ കുറ്റം ചെയ്‌തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി പ്രതികൾ 14 മാസമായി റിമാൻഡിലാണെന്നതും നിരീക്ഷിച്ചു. ബന്ധപ്പെട്ട കുറ്റങ്ങളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല, അതിനാൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കള്ളപ്പണ ഇടപാടുകേസിൽ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു ഇഡിയുടെ തുടക്കം മുതലുള്ള വാദം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb