gnn24x7

ഒമൈക്രോണ്‍ ജാഗ്രത; വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം

0
250
gnn24x7

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ ഒമൈക്രോൺ വകഭേദത്തിൽ കേരളത്തിലും ജാഗ്രത. കേന്ദ്രത്തിന്‍റെ ജാഗ്രതാനിര്‍ദേശം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ 7 ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ കര്‍ശന പരിശോധനകള്‍ നടത്തും. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരില്‍ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇവര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൂടാതെ ക്വാറന്റൈന്‍ തീരുമ്പോഴും ആര്‍ടിപിസിആര്‍ പരിശോധന നടത്തി വൈറസ് ബാധയില്ല എന്ന് ഉറപ്പുവരുത്തണം.

പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി.

യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്.

ഒമിക്രോണിന് അതീവ വ്യാപന ശേഷിയാണുള്ളത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ കോവിഡ് രോഗാണുക്കളില്‍ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എവിടെയാകും ഈ വകഭേദം പടര്‍ന്നുപിടിക്കുകയെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് തീരുമാനത്തിലെത്താനായിട്ടില്ല. ഈ വകഭേദം വന്ന ചിലരില്‍ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണര്‍ത്തുന്നു. കൊവിഡിന്റെ മുന്‍ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായി പ്രചരിച്ചിരുന്നില്ല. ബീറ്റാ വകഭേദം ഇത്തരത്തിലൊന്നാണ്. ഇതുപോലെയാണോ ഒമിക്രോണ്‍ എന്ന കാര്യത്തിലും വിദഗ്ദ്ധര്‍ക്ക് വ്യക്തതയില്ല.

എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം പൊതുമാര്‍ഗരേഖ നല്‍കിയിട്ടില്ലെങ്കിലും വിദേശത്തുനിന്ന് എത്തുന്നവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here