gnn24x7

കുവൈറ്റ്‌ മനുഷ്യക്കടത്ത്: കീഴടങ്ങാൻ തയ്യാറെന്ന് മുഖ്യപ്രതിയുടെ സഹായി

0
202
gnn24x7

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനിയുടെ വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ (എം.കെ.ഗാസലി-42) ഏജന്റും കൂട്ടുപ്രതിയുമായ എറണാകുളം സ്വദേശി അജുമോൻ കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ സംഘത്തെ അറിയിച്ചു. പരാതിക്കാരിയുമായും അജുമോൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്തു യുവതികളെ വിസിറ്റിങ് വീസയിൽ ഷാർജയിൽ എത്തിക്കേണ്ട ചുമതലയാണു കമ്മിഷൻ അടിസ്ഥാനത്തിൽ അജുമോൻ ചെയ്തിരുന്നത്. അവിടെയെത്തുന്ന യുവതികൾക്കു മാസം 60,000 രൂപ ശമ്പളം ലഭിക്കുമെന്നാണു മജീദ് വിശ്വസിപ്പിച്ചിരുന്നതെന്നു അജുമോൻ പറയുന്നു. യുവതികളെ കുവൈത്തിലേക്കു കടത്തി അടിമക്കച്ചവടത്തിനു നൽകുന്ന വിവരം അറിഞ്ഞിരുന്നില്ല. റാക്കറ്റിനെ കുറിച്ചു വ്യക്തമായി അറിയാവുന്ന അജുമോനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

കൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയില്ല. അന്വേഷണം ഏറ്റെടുക്കുന്നതിന് ഇത് എൻഐഎ തടസ്സമായിട്ടുണ്ട്. മനുഷ്യക്കടത്ത്, അടിമക്കച്ചവടം എന്നിവ സംബന്ധിച്ചു വ്യക്തമായ പരാതിയും ഇരയുടെ മൊഴിയും ലഭിച്ചിട്ടും പൊലീസ് ഈ വകുപ്പ് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. പരാതിക്കാരിക്കൊപ്പം രക്ഷപ്പെട്ടു നാട്ടിലെത്തിയ മറ്റു രണ്ടു യുവതികൾ റാക്കറ്റിന്റെ ഭീഷണി ഭയന്നു പരാതി നൽകിയില്ല.

“ജീവനോടെ തിരിച്ചു വന്നല്ലോ അതുമതി’യെന്നാണ് ഇവരുടെ നിലപാട്. മനുഷ്യക്കടത്ത് റാക്കറ്റ് കടത്തിക്കൊണ്ടുപോയ മറ്റു യുവതികളെ തിരികെയെത്തിക്കണമെങ്കിൽ പരാതി നൽകാൻ പാടില്ലെന്ന ഭീഷണി ഉയർത്തിയാണു റാക്കറ്റ് യുവതികളെയും കുടുംബങ്ങളെയും നിശബ്ദമാക്കിയത്. വിവരങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസിയെ മാസങ്ങൾക്കു മുൻപേ അറിയിച്ചതാണെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണു ഇരകളുടെ ബന്ധുക്കളുടെ പരാതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here