gnn24x7

സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു

0
271
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേര്‍സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് രേഖകള്‍ ലഭിച്ചിരിക്കുന്നത്. ചാട്ടവാറടിക്കു പകരം തടവ് ശിക്ഷയോ പിഴയോ ഈടാക്കാനാണ് നീക്കം.

‘ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,’ റോയിട്ടേര്‍സിന് ലഭിച്ച രേഖയില്‍ പറയുന്നു.

സൗദി അറേബ്യയില്‍ നിരവധി കുറ്റങ്ങള്‍ക്ക് നിലവില്‍ ചാട്ടവാറടി ശിക്ഷ നല്‍കുന്നുണ്ട്. 2015 ല്‍ റയ്ഫി ബദവി എന്ന ബ്ലോഗര്‍ക്ക് മതനിന്ദ ആരോപിച്ചും സൈബര്‍ കുറ്റകൃത്യങ്ങള്‍ ആരോപിച്ചും പൊതു സ്ഥലത്ത് വെച്ച് ചാട്ടവാറടി ശിക്ഷ നല്‍കിയ വലിയ തരത്തില്‍ വാര്‍ത്തയായിരുന്നു. ആഴ്ചകളില്‍ 1000 ചാട്ടവാറടി നല്‍കണമെന്നായിരുന്നു ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ. എന്നാല്‍ ഇതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഈ ശിക്ഷ പൂര്‍ണമായും നടന്നിട്ടില്ല.

സൗദിയില്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടി എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനിടെയാണ് ചാട്ടവാറടി നിര്‍ത്തലാക്കാനൊരുങ്ങുന്നത്.

സൗദി അറേബ്യയില്‍ 5 വര്‍ഷ ഭരണകാലയളവിനിടയില്‍ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സര്‍വ്വേയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗദി രാജാവ് സല്‍മാന്റെ ഭരണകാലത്ത് തൂക്കിക്കൊലകള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വര്‍ഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകള്‍ നടന്നിരിക്കുന്നത്.

ഒപ്പം ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി അറേബ്യയില്‍ 2019 ല്‍ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയില്‍ ഒരു വര്‍ഷം നടന്ന വധശിക്ഷകളില്‍ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരില്‍ ആറ് സ്ത്രീകളും,178 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 2018 ല്‍ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here