gnn24x7

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

0
41
gnn24x7

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ 42 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഐറിഷ് റെയിൽ (Iarnród Éireann) രണ്ട് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ച് പാതയിൽ പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നലിങ് സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, റെയിൽവേ ലെവൽ ക്രോസിങ്ങുകൾ എന്നിവയുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥയുണ്ടായിരുന്നിട്ടും പരീക്ഷണം വിജയകരമായതായി അധികൃതർ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നാല് വർഷം നീണ്ടുനിന്ന പദ്ധതിക്കായി €151.5 മില്യൺ ആണ് ചെലവഴിച്ചത്. റെയിൽപാതയുടെ 42 കിലോമീറ്റർ ഭാഗം പുനഃസ്ഥാപിക്കുക, ഫോയ്‌നസ് സ്റ്റേഷൻ കെട്ടിടവും ട്രെയിൻ ഷെഡും നവീകരിക്കുക, സിഗ്നലിങ് സംവിധാനങ്ങൾ സ്ഥാപിക്കുക, 13 പൊതുറോഡ് ലെവൽ ക്രോസിങ്ങുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. പാതയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ വരും ആഴ്ചകളിലും തുടരും. ഇതോടൊപ്പം ട്രെയിൻ ഡ്രൈവർമാർക്ക് പാത പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനവും നടത്തും.

ഫോയ്‌നസ് തുറമുഖവുമായി റെയിൽ ശൃംഖലയെ ബന്ധിപ്പിക്കുന്നത് ചരക്കുനീക്കത്തിന് വലിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ റോഡ് മാർഗം കൊണ്ടുപോകുന്ന ചരക്കുകളിൽ കൂടുതൽ ഭാഗം റെയിൽവേയിലേക്ക് മാറ്റാൻ ഇതിലൂടെ ബിസിനസ് സ്ഥാപനങ്ങൾക്ക് അവസരമൊരുങ്ങും. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമായ ചരക്കുനീക്ക സംവിധാനവും ഇതിലൂടെ സാധ്യമാകും.

2027-ന്റെ ആദ്യ മാസങ്ങളിൽ പാതയിലൂടെ ചരക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അയർലണ്ടിൽ റെയിൽവേ വഴിയുള്ള ചരക്കുനീക്കം വർധിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ പ്രധാന ഭാഗമായാണ് ഈ പാതയുടെ പുനരാരംഭത്തെ അധികൃതർ കാണുന്നത്.

പരീക്ഷണ ട്രെയിനുകൾ വരും ആഴ്ചകളിലും പാതയിലൂടെ ഓടുന്നതിനാൽ റെയിൽവേ ക്രോസിങ്ങുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് റെയിൽ മുന്നറിയിപ്പ് നൽകി. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ട്രെയിൻ വരാൻ സാധ്യതയുണ്ടെന്ന് കരുതി സുരക്ഷാ സിഗ്നലുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7