gnn24x7

കോവിഡ് ഗവേഷണങ്ങൾക്കായി ഇറ്റലിയിലെ ആശുപത്രിക്ക് ചൈനീസ് ദമ്പതികളുടെ സഹായം

0
239
gnn24x7

ഇറ്റലി: കോവിഡ് ഗവേഷണങ്ങൾക്കായി ഇറ്റലിയിലെ ആശുപത്രിക്ക് ചൈനീസ് ദമ്പതികളുടെ സഹായം. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ചികിത്സയും ഗവേഷണവും നടത്തുന്ന റോമിലെ സ്പല്ലൻസാനി ആശുപത്രിക്കാണ് 66 വയസുള്ള ചൈനീസ് പൗരനും 67 വയസ് പ്രായമുള്ള ഭാര്യയും ചേർന്ന് 40,000 ഡോളർ സംഭാവന നൽകിയത്.

ഇറ്റലിയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഇവർ കഴിഞ്ഞ ജനുവരി 30 ന് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് സ്പല്ലൻസാനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച ദമ്പതികൾ മാർച്ച് മധ്യത്തോടെ ആശുപത്രിവിട്ടു.

സ്വദേശമായ വുഹാനിൽ മടങ്ങിയെത്തിയ ദമ്പതികൾ, തങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കിയതിന്റെ നന്ദിസൂചകമായി സ്പല്ലൻസാനി ആശുപത്രിക്ക് സാമ്പത്തിക സഹായം നൽകുകയായിരുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ്- 19 വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഈ തുക വിനിയോഗിക്കണമെന്ന ആഗ്രഹമാണ് ഇവർ മുന്നോട്ടുവച്ചത്.

വലിയ ഔദാര്യത്തിന്റെയും നന്ദിയുടെയും പ്രവൃത്തിയാണ് ചൈനീസ് ദമ്പതികളുടേതെന്ന് റോമിലെ ലാസിയോ റീജനൽ ഹെൽത്ത് കൗൺസിലർ അലസിയോ ദമാതോ അഭിപ്രായപ്പെട്ടു. മെഡിക്കൽ മികവിനും പകർച്ചവ്യാധി ഗവേഷണത്തിനും രാജ്യാന്തര പ്രശസ്തിയാർജിച്ച ആശുപത്രിയാണ് റോമിലെ സ്പല്ലൻസാനി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here