gnn24x7

ദോഹ- തിരുവനന്തപുരം സെക്ടറിൽ നോൺസ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്; സർവീസ് ഒക്ടോബർ 29 മുതൽ

0
188
gnn24x7

ദോഹയിൽ നിന്നും തെക്കൻ ജില്ലക്കളിലേക്കുള്ള പ്രവാസികളുടെ വർഷങ്ങൾ നീണ്ട വിമാനയാത്രാ ദുരിതത്തിന് ആശ്വാസമായി ദോഹ- തിരുവനന്തപുരം സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ 4 ദിവസമാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് പ്രഖ്യാപിച്ചത്. എയർലൈൻ ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വർഷങ്ങളായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്ക്- കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർ, തമിഴ്നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ പ്രയോജനം ചെയ്യുന്നത്. നിലവിൽ കോഴിക്കോട് വഴിയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ്.

ഖത്തർ എയർവേയ്സ് മാത്രമാണ് നേരിട്ട് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നതെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാൽ സാധാരണക്കാരായ പ്രവാസികൾ കണക്ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. നേരിട്ടുള്ള വിമാനത്തിൽ നാലര മണിക്കൂറിൽ നാട്ടിലെത്തിയിരുന്ന തെക്കൻ ജില്ലക്കാർക്ക് കണക്ഷൻ വിമാനങ്ങളിൽ നാട്ടിലെത്താൻ മണിക്കൂറുകളാണ് വേണ്ടിവരുന്നത്. കണക്ഷൻ വിമാനങ്ങളിൽ യാത്രാ ചെലവേറുമെന്നതിനാൽ 2 വർഷത്തിൽ ഒരിക്കൽ പോലും നാട്ടിലേക്ക് അവധിക്ക് പോകാൻ കഴിയാതിരുന്ന പ്രവാസികൾക്ക് പ്രത്യേകിച്ചും മീൻപിടിത്തം, നിർമാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരും കുറഞ്ഞ വരുമാനക്കാരുമായ നൂറുകണക്കിന് പേർക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ ആശ്വാസമാകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7