gnn24x7

കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായത് 14.5 കോടി

0
93
gnn24x7

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോർപ്പറേഷൻ. കുടുംബശ്രീയുടെ അക്കൗണ്ടിൽനിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താൽ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.

കുടുംബശ്രീയുടെ വിവിധ ആവശ്യങ്ങൾക്കുള്ള ഫണ്ടിൽനിന്നാണ് 10 കോടി നഷ്ടമായത്. ഖലമാലിന്യസംസ്കരണം, എം.പി. എം.എൽ.എ. ഫണ്ട്, അമൃത് ഓഫീസ് മോഡണൈസേഷൻ ഹെഡ് അക്കൗണ്ട് എന്നിവയിൽനിന്നാണ് 1.89 കോടി നഷ്ടമായത്. സപ്ലിമെന്ററി ന്യൂട്രീഷൻ ഫണ്ട്, ഇ-പേമെന്റ് അക്കൗണ്ട് എന്നിവയിൽനിന്നാണ് നേരത്തെ 2.53 കോടി നഷ്ടമായതായി കഴിഞ്ഞദിവസം കോർപ്പറേഷൻ അറിയിച്ചത്.

പി.എൻ.ബി. ലിങ്ക് റോഡ് ശാഖയിൽ കോർപ്പറേഷന് ആകെ 13 അക്കൗണ്ടുകളാണുള്ളത്. ഇത് ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുടെ അക്കൗണ്ടുൾപ്പെടെയുള്ളവയുടെ കൂടുതൽ വിവരങ്ങൾ അടുത്തദിവസം പുറത്തുവരുമെന്നാണ് കരുതുന്നത്.

മുൻ സീനിയർ മാനേജർ കെ.പി. റജിൽ 98 ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി ബാങ്കിലെ നിലവിലെ മാനേജർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോർപ്പറേഷനും പരാതി നൽകി. അതിനുശേഷമാണ് കോർപ്പറേഷൻ, ബാങ്കിലെ ഓരോ അക്കൗണ്ടുകളായി പരിശോധിക്കാൻ ബാങ്കിനോട് 24 മണിക്കൂറിനുള്ളിൽ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നൽകിയിട്ടുണ്ട്. ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.

അതേസമയം, അക്കൗണ്ടുകൾ കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ തട്ടിപ്പ് നേരത്തേതന്നെ തിരിച്ചറിയുമായിരുന്നെന്നും ഒരുവിധത്തിലുള്ള പരിശോധനയും കോർപ്പറേഷൻ നടത്തിയിട്ടില്ലെന്നുമുള്ള ആരോപണവുമായി യു.ഡി.എഫ്. രംഗത്തുവന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here