തൊഴിലുറപ്പുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മുതല്‍ വന്‍ വ്യവസായികള്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റായിരിക്കും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്തം നിര്‍ണയിക്കുക. ആദായ നികുതി നല്‍കുന്ന ശമ്പളക്കാര്‍ക്കു മാത്രമല്ല കൃഷിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും വരെ നിര്‍ണായകമായിരിക്കും ഇന്നത്തെ ബജറ്റ്.
2020 ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. 2024 ഓടെ അഞ്ച്ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ബജറ്റാകും ഇന്ന് അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6-6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നത്.
കൂടാതെ ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കര്‍ഷകര്‍ക്കും ചെറുകിടവ്യവസായികള്‍ക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.
അധികാരത്തിലേറിയതു മുതല്‍ കാര്‍ഷിക മേഖലയുടേയും ചെറുകിട ഗ്രാമീണ വ്യവസായങ്ങളുടേയും പുരോഗതിയ്ക്കായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുമേഖലകള്‍ക്കും പ്രാധാന്യം നല്‍കിയാകും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേതെന്നും സ്വര്‍ണ തീരുവയില്‍ ഇളവും, പുതിയആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക വിഷയങ്ങളിലാകും ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചെറുകിട വ്യവസായികള്‍ക്കും മറ്റും നികുതിയില്‍ ഇളവ് ലഭിക്കുന്നതോടെ വരുമാനം വര്‍ധിപ്പിക്കാനും അതുവഴി സമ്പദ് വ്യവസ്ഥയുടെ പുരോഗതി കൈവരിക്കാനുംകഴിയും.
വന്‍കിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയിരുന്നു. ഇക്കാരണത്താലാണ് ചെറുകിട വ്യാപാരികളുംനികുതി ഇളവ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വരുമാനം വര്‍ധിപ്പിക്കുന്നതിനും ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായും സ്ലാബുകളിലും നികുതിയിലും പരമാവധി 2.5 ലക്ഷം മുതല്‍ 5ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭവന വായ്പയുടെ തിരിച്ചടവില്‍ ഇളവും, ജനങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ വര്‍ധനവും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപകര്‍ക്ക് ഗുണമാകുന്ന പദ്ധതികളും ഇക്കുറി ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ ഇത്തവണത്തെ ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിനായുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന്‍ പ്രതീക്ഷിക്കുന്നു. 2020 ഓടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.