gnn24x7

ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം: കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, കൊച്ചിയിൽ പൊലീസുകാരന് മർദ്ദനം

0
125
gnn24x7

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിന്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽഅക്രമികളായ ആറ് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.എറണാകുളത്തും ഫുട്ബോൾ ആഘോഷം സംഘർഷത്തിലേക്ക് വഴിമാറി. കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിൽ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു.

തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജം ഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാൾ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ എസ്.ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.

ലോകകപ്പ് ഫുട്ബാൾ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘർഷമുണ്ടായി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൂവറ്റൂർ സ്വദേശികളായ രാഹുൽ, സുബിൻ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയിൽ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘർഷം. എന്നാൽ ഇത് വ്യക്തിപരമായ പ്രശ്നം മൂലമുള്ള സംഘർഷമാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പുത്തൂർ പൊലീസ് അറിയിച്ചു. മലപ്പുറം കുന്നുമ്മലിൽ വിജയാഘോഷത്തിന് ശേഷം റോഡിൽ ബിയർ കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here