gnn24x7

സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി : തുടക്കത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

0
210
gnn24x7

തിരുവനന്തപുരം: ജനുവരിയില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസ വകുപ്പ് തലത്തിലും മാര്‍ഗരേഖകള്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 50 ശതമാനം കുട്ടികളെ മാത്രമെ സ്‌കൂളുകളില്‍ അനുവദിക്കുവാന്‍ പാടുള്ളു എന്ന് പ്രത്യേകം നര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആദ്യ ആഴ്ചകളില്‍ ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി എന്ന രീതിയില്‍ മാത്രമെ അനുവദിക്കുകയുള്ളൂ. രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ പ്രവര്‍ത്തിക്കണം. കാലത്ത് 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് തിരുന്ന ഒരു ഷിഫ്റ്റും ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് 4 മണിക്ക് തീരുന്ന മറ്റൊരു ഷിഫ്റ്റ്. ഓരോ സ്‌കൂളുകളും അവരുടെ ആകെയുള്ള കുട്ടികളുടെ എണ്ണം, ക്ലാസുകള്‍, ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം എന്നിവ അനുസരിച്ച് ഷിഫ്റ്റുകള്‍ ക്രമീകരിക്കണം.

ഓരോ വിദ്യാര്‍ത്ഥിയും ചുരുങ്ങിയത് 2 മീറ്റര്‍ അകലം പാലിക്കണം. കൂടിച്ചേര്‍ന്നു നടക്കല്‍, കളികള്‍, സംസാരം എന്നിവയൊന്നും അനുവദനീയമല്ല. വേണമെങ്കില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മറ്റു ക്ലാസ് മുറികളും ഉപയോഗിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഇടവേളകള്‍, സ്‌കൂള്‍ വിടുമ്പോഴുണ്ടാവുന്ന സമയക്രമങ്ങള്‍ എന്നിവ ക്രമീകരിക്കണം. ഒരുമിച്ച് എല്ലാ ക്ലാസുകളും വിടുന്ന സംവിധാനവും സാധ്യമല്ല.

ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ, അധ്യാപക അനധ്യാപകര്‍ക്കോ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന ദിവസങ്ങള്‍ കഴിഞ്ഞു മാത്രമെ സ്‌കൂളില്‍ വരാന്‍ പാടുള്ളൂ. സ്‌കൂളില്‍ നിത്യേന അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുട്ടികള്‍ക്കായി ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കണം.

സ്റ്റാഫ് മുറിയില്‍ അധ്യാപകരും നിര്‍ബന്ധ സാമൂഹിക അകലം പാലിക്കണം. കൂട്ടംകൂടി അധ്യാപകരോ വിദ്യാര്‍ഥികളോ നടക്കുവാന്‍ പാടില്ല. പൊതുവെ വരുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്ന രീതി കണ്ടാല്‍ ഡ്രൈവറുടെ പേരില്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കുട്ടികളെ ബോധവത്കരിക്കാനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും സ്‌കൂളുകളില്‍ പ്രത്യേകം സെല്‍ രൂപവത്കരിക്കണം.

വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത് സ്‌കൂളിലേക്ക് വരുന്നതും പോവുന്നതും കൃത്യമായി മോണിറ്റര്‍ ചെയ്യണം. ഒരു വിദ്യാര്‍ത്ഥിയേയും അലക്ഷ്യമായി സ്‌കൂള്‍ വിട്ട് പോകുവാനോ വരുവാനോ അനുവദിക്കുന്നതല്ല. കുട്ടികള്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ലഘുപാനീയങ്ങള്‍, വെള്ളം എന്നിവയൊന്നും ഒരു കാരണവശാലും പങ്കിടാന്‍ അനുവദിക്കാന്‍ പാടില്ല. ഒരു കാരണവശാലും കുട്ടികളെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണ സന്ദര്‍ഭത്തിലും കഴിക്കുന്നതന് മുന്‍പും ശേഷവും കൃത്യമായി കൈകള്‍ സോപ്പിട്ട് കഴുകുന്നത് കര്‍ശനമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here