gnn24x7

വിദേശത്തുനിന്നുള്ള എൻഎച്ച്എസ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് സർചാർജ് തിരികെ നൽകുമെന്ന് ബോറിസ് ജോൺസൺ

0
469
gnn24x7

ലണ്ടൻ: വിദേശത്തുനിന്നുള്ള എൻഎച്ച്എസ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് സർചാർജ് തിരികെ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അറിയിച്ചു. അടുത്തിടെ ഇന്ത്യയിൽനിന്നും വന്ന മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ അടച്ച വലിയ തുകയാണ് ഇത്തരത്തിൽ തിരികെ ലഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് വർക്കർമാർക്ക് എൻ.എച്ച്.എസ്. സർചാർജ് ഒഴിവാക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്മേൽ എന്തു നടപടിയായെന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പാർലമെന്റിൽ ബോറിസിന്റെ പ്രഖ്യാപനം. നാലംഗങ്ങളുള്ള കുടംബം ഒരുവർഷം 1600 പൗണ്ടാണ് സർചാർജായി നൽകിയിരുന്നത്. സർക്കാർ വാക്കുപാലിച്ചാൽ മൂന്നും നാലും വർഷത്തെ വർക്ക് പെർമിറ്റിൽ വന്നവർ വീസാ കാലാവധി കണക്കുകൂട്ടി അടച്ച വലിയൊരു തുക തിരികെ ലഭിക്കും.

എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിനാണ് മൈഗ്രന്റ് വർക്കേഴ്സിൽനിന്നും സർചാർജ് ഈടാക്കുന്നത്. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്സുമാരും ഡോക്ടർമാരും നിലവിൽ വർഷം തോറും 400 പൗണ്ടാണ് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് ഒക്ടോബർ മുതൽ 624 പൗണ്ടായി ഉയർത്താനും കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു. നാല് അംഗങ്ങളുള്ള ഒരു നഴ്സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബർ മുതൽ 2500 പൗണ്ടുമാണ് സർചാർജ് നൽകേണ്ടത്. ഇത് ഒഴിവാക്കുന്നത്, ഇന്ത്യയിൽനിന്നും ഉൾപ്പെടെ പുതുതായി ജോലിക്കെത്തുന്നവർക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്സുമാരും ജൂണിയർ ഡോക്ടർമാരുമാണ് ഇപ്പോൾ വലിയൊരു തുക സർചാർജ് നൽകി കഷ്ടപ്പെടുന്നത്.

നിലവിൽ ഒരുലക്ഷത്തി അമ്പത്തിമൂവായിരം മൈഗ്രന്റ് വർക്കേഴ്സാണ് വീസാ കാലവധി തീരുംവരെയുള്ള സർചാർജ് മുൻകൂറായി നൽകി ബ്രിട്ടനിൽ കഴിയുന്നത്. ഇതിൽ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ്. നാഷനൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻകംടാക്സിനു പുറമേയാണ് ഇവരിൽനിന്നും ഈ തുക അഡ്വാൻസായി ഈടാക്കുന്നത്.

2015ലാണ് സർക്കാർ ഹെൽത്ത് സർചാർജ് ഈടാക്കി തുടങ്ങിയത്. ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയെങ്കിലും സ്റ്റുഡന്റ് വീസിലും യൂത്ത് മൊബിലിറ്റി സ്കീം വീസയിലും എത്തുന്നവർക്കും ഏർപ്പെടുത്തിയിട്ടുള്ള മുന്നൂറു പൗണ്ടാണ് സർചാർജ് തുടരും.

ലോക്കൌട്ടിനെ തുടർന്ന് നിർത്തിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ഇന്നലെ പുനരാരംഭിച്ചു. പത്തുദിവസമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ദിവസവും കൂടുമ്പോൾ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വില കുറയുകയാണ്. ഒരുമാസം കൊണ്ട് ബ്രിട്ടനിൽ ഫ്യൂവൽ പ്രൈസ് 16.7 ശതമാനമാണ് കുറഞ്ഞത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത് ഏറെ സഹായകമായി.

കോവിഡിന് ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഡെക്സാമീതസോൺ സ്റ്റിറോയ്ഡ് രോഗികൾക്കു നൽകിത്തുടങ്ങി. രാജ്യത്തെ എല്ലാ മേഖലകളിലും ഇത് ഉപയോഗിച്ചു തുടങ്ങാൻ നാല് ചീഫ് മെഡിക്കൽ ഓപിസർമാരും എൻ.എച്ച്.എസ്. ഡോക്ടമാർക്ക് നിർദേശം നൽകി. രണ്ടുലക്ഷത്തിലേറെ പേരെ ചികിൽസിക്കാൻ ആവശ്യമായ മരുന്നു രാജ്യത്ത് സ്റ്റോക്കുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് ബാധിച്ച് ഇന്നലെ ബ്രിട്ടനിൽ 184 പേരാണ് വിവിധ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ നാൽപത്തിരണ്ടായിരത്തിന് മുകളിലായി.

സ്വീഡനിൽ മരണനിരക്ക് ഉയരുന്നു

യൂറോപ്പിൽ കോവിഡിന്റെ മറ്റൊരു ഹോട്ട് സ്പോട്ടായി സ്വീഡൻ മാറുകയാണ്. സ്വീഡനിൽ ഇതുവരെ 5,041 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേവലം ഒരുകോടി ജനങ്ങൾ മാത്രമുള്ള രാജ്യത്താണ് ഇത്രയേറെ മരണങ്ങൾ. ഇറ്റലി, സ്പെയിൽ, ബ്രിട്ടൺ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് മരണങ്ങൾ കുറഞ്ഞുവരുമ്പോഴാണ് സ്വീഡനിലെ ഈ രോഗവ്യാപനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here