gnn24x7

അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു

0
452
gnn24x7

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നതായി ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ പറഞ്ഞു. മെയ് 31നും ജൂണ്‍ എട്ടിനും ഇടയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന മറ്റ് പുരുഷന്മാര്‍ എന്നിവരിലാണ് രോഗബാധയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

32 മുതല്‍ 46 വരെ പ്രായമുള്ള പുരുഷന്മാരാണ് രോഗികളായ ഒമ്പത് പേരും. എന്നാൽ ഇവരില്‍ ആര്‍ക്കും നിലവിൽ ആശുപത്രി പരിചരണം വേണ്ടി വന്നിട്ടില്ല. വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച് പി പി എസ് സി അറിയിച്ചു.

നോണ്‍ എന്‍ഡമിക് രാജ്യങ്ങളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും വൈറസിനെതിരെ വാക്സിനേഷന്‍ ഇനിയും ശുപാര്‍ശ ചെയ്തിട്ടില്ല, മങ്കി പോക്സുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

gnn24x7