M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം നൽകണം
രാജ്യത്തെ പ്രധാന മോട്ടോർവേകളിലെയും ടോൾ റോഡുകളിലെയും യാത്രാനിരക്കുകൾ 2027 ജനുവരി 1 മുതൽ വർധിപ്പിക്കുന്നു. രാജ്യത്തെ പത്ത് പ്രധാന ടോൾ റോഡുകളിലും നിരക്ക് വർധിപ്പിക്കാൻ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന്റെ (TII) ബോർഡ് അംഗീകാരം നൽകി. വാഹനങ്ങളുടെ വിഭാഗവും ടോൾ പേയ്‌മെന്റ് രീതിയും അനുസരിച്ചായിരിക്കും പുതിയ നിരക്കുകൾ ബാധകമാകുക.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ഡബ്ലിനിലെ M50 ടോൾ റോഡിൽ എല്ലാ വിഭാഗം വാഹനങ്ങൾക്കും നിരക്ക് വർധിക്കും.
- ടാഗ് അക്കൗണ്ടുള്ള കാർ യാത്രക്കാർക്ക് 10 സെന്റ് അധികം നൽകണം.
- വീഡിയോ അക്കൗണ്ട് ഉപയോഗിക്കുന്നവർക്കും 10 സെന്റ് വർധന.
- രജിസ്റ്റർ ചെയ്യാത്ത കാർ യാത്രക്കാർക്ക് 20 സെന്റ് അധികം നൽകേണ്ടിവരും.
- 2,000 കിലോഗ്രാമിൽ താഴെയുള്ള ചില ചരക്ക് വാഹനങ്ങൾക്ക് 10 മുതൽ 20 സെന്റ് വരെ വർധന.
- ഭാരമേറിയ HGV വാഹനങ്ങൾക്ക് 20 മുതൽ 30 സെന്റ് വരെ വർധന.

നിലവിൽ പേയ്‌മെന്റ് രീതിയനുസരിച്ച് M50-ൽ കാറുകൾക്ക് ഓരോ യാത്രയ്ക്കും €2.60 മുതൽ €3.80 വരെയാണ് ടോൾ ഈടാക്കുന്നത്.
ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് തെക്കോട്ട്, അതായത് ഡബ്ലിൻ നഗരത്തിലേക്കുള്ള യാത്രക്കാർക്കാണ് പ്രധാനമായും അധിക ചെലവ് വരുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മണി മുതൽ 10 മണി വരെയുള്ള സമയത്ത് കാറുകൾക്കും ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾക്കും നിലവിലുള്ള €14 ടോൾ €15 ആയി ഉയരും. മറ്റ് സമയങ്ങളിലെ ടോൾ നിരക്കുകളിൽ 2027-ൽ മാറ്റമുണ്ടാകില്ല. രാവിലെ തിരക്കേറിയ സമയത്ത് ടണലിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കുകയും ഡബ്ലിൻ തുറമുഖത്തേക്കുള്ള ചരക്ക് വാഹനങ്ങൾക്ക് ആവശ്യമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ മാറ്റമെന്ന് TII വ്യക്തമാക്കി.

M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയ്ക്ക് പുറമെ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന എട്ട് ടോൾ റോഡുകളിലും നിരക്ക് വർധിക്കും. കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കും M3 Clonee–Kells ടോൾ പാത ഒഴികെയുള്ള മറ്റ് ടോൾ കേന്ദ്രങ്ങളിൽ 10 സെന്റ് വർധനയുണ്ടാകും. M3 Clonee–Kells പാതയിൽ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും നിരക്ക് മാറ്റമില്ലാതെ തുടരും. ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് പൊതുവെ 20 സെന്റ് വർധനയും 3,500 കിലോഗ്രാമിൽ കൂടുതൽ ഭാരവും നാല് ആക്‌സിലുകളുമുള്ള HGV വാഹനങ്ങൾക്ക് 30 സെന്റ് വർധനയുമുണ്ടാകും. M3 Clonee–Kells പാതയിൽ ഈ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 10 സെന്റ് മാത്രമാണ് വർധന.
ജീവിതച്ചെലവും ഇന്ധനവിലയും വർധിച്ച സാഹചര്യത്തിൽ ടോൾ നിരക്കുകൾ വീണ്ടും ഉയർത്തുന്നത് സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന് വിമർശനമുയർന്നിട്ടുണ്ട്. കിൽഡെയർ സൗത്ത് ലേബർ പാർട്ടി TD മാർക്ക് വാൾ നിരക്ക് വർധനയെ വിമർശിച്ചു. യാത്രാചെലവ് ഇതിനകം തന്നെ ഉയർന്ന സാഹചര്യത്തിൽ യാത്രക്കാരുടെ മേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നത് അനീതിയാണെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടോൾ വരുമാനം ദേശീയ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും നവീകരണത്തിനും ഉപയോഗിക്കുന്നതാണെന്നാണ് TIIയുടെ വിശദീകരണം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































