gnn24x7

ഐപിഎൽ സംപ്രേക്ഷണാവകാശം: ആമസോണും ഗൂഗിളും ലേലത്തിൽ നിന്ന് പിന്മാറി

0
187
gnn24x7

ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക.

സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക.

ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ.

ബണ്ടിൽ ഡിയിലുള്ളത് ലോകത്തിന്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here