gnn24x7

മോറട്ടോറിയം തീരുന്നു; ഇനി വായ്പാ പുനഃക്രമീകരണം

0
401
gnn24x7

കോവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ആറു മാസമായി നിലനില്‍ക്കുന്ന മോറട്ടോറിയം ഓഗസ്റ്റ് 31ന്  അവസാനിക്കുന്നതോടെ സാമ്പത്തിക മേഖലയെ വലയം ചെയ്യുന്നത് പുതിയ ആശയക്കുഴപ്പങ്ങള്‍. ഭവന,വാഹന,വ്യക്തിഗത വിഭാഗങ്ങളിലെല്ലാം വായ്പയെടുത്ത മിക്കവരും അങ്കലാപ്പിലാണ്.

പണമൊഴുക്ക് ഭേദപ്പെട്ട നിലയിലേക്കു തിരിച്ചെത്താതിരിക്കേ ഇ.എം.ഐ അടവ് എങ്ങനെ പുനരാരംഭിക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നു സ്ഥിര ശമ്പളക്കാരൊഴികെ, വായ്പയെടുത്തവരില്‍ നല്ലൊരു വിഭാഗം പേരും. ഒരു മേഖലയില്‍ പോലും സാമ്പത്തികത്തളര്‍ച്ച ഒഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്‌ക്കേണ്ടിവരുന്നത്. മോറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചു തീര്‍ത്താല്‍ മതിയെന്നതാണ് ഏക ആശ്വാസം. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്.

അതേസമയം, ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടി തുടങ്ങും. ഈടുവെച്ചിരിക്കുന്ന വസ്തു, കെട്ടിടം തുടങ്ങിയവയില്‍ സെപ്റ്റംബര്‍ ഒന്നു മുതലാണ് നടപടി. സര്‍ഫാസി നിയമപ്രകാരമാണിത്. കഴിഞ്ഞ ജനുവരിയില്‍ ഇത്തരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ മുടങ്ങിയിരിക്കുകയായിരുന്നു. ജപ്തി നടപടികളിലേക്ക് നീങ്ങാനാണ് ഇപ്പോഴത്തെ നീക്കം.

മോറട്ടോറിയം അവസാനിക്കുന്നതോടെ നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച് രണ്ടു വര്‍ഷംവരെ നീട്ടാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായവര്‍ക്ക് മോറട്ടോറിയം  ആശ്വാസമായിരുന്നു. മാര്‍ച്ച് ഒന്നു രണ്ടു ഘട്ടങ്ങളിലായി ആറ് മാസത്തേക്കായിരുന്നു മോറട്ടോറിയം.ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും ഇനി പുതുക്കാം. വായ്പ തിരിച്ചടവ് ഇനിയും നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍.  നിലവിലെ വായ്പകളുടെ കാലാവധി രണ്ടു വര്‍ഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറു മാസംകൂടി മോറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും.

വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവുകളുണ്ടാകും. 10 മുതല്‍ 11 ശതമാനം നിരക്കില്‍ ബാങ്കുകളില്‍നിന്നു വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ നിരക്ക് കുറച്ചുകിട്ടും. റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാ നിരക്കാണിത്. ചില ബാങ്കുകള്‍, റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റാമെന്ന് കാണിച്ച് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.

ലോറി, ട്രക്ക് ബിസിനസ് മേഖലയില്‍ പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങളിലും അതിരൂക്ഷമാണ്. വായ്പാ തിരിച്ചടവ് അസാധ്യമാകുമെന്ന തിരിച്ചറിവോടെ 50,000 വാഹനങ്ങള്‍ ഫിനാന്‍സിയര്‍മാര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ഉടമകളെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ആയ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് & ട്രെയിനിംഗ്  (ഐ.എഫ്.ടി.ആര്‍.ടി.) പറയുന്നു. ബിസിനസിന്റെ  40 ശതമാനം മാത്രമാണ് തിരികെ വന്നിട്ടുള്ളതെന്ന് ബോംബെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബല്‍മല്‍ക്കിത് സിംഗ് പറഞ്ഞു.

ഉയര്‍ന്ന ഡീസല്‍ വിലയും കുറഞ്ഞ ചരക്കുനീക്കവും ബിസിനസിനെ കുഴപ്പത്തിലാക്കി.റോഡ് നികുതികള്‍ പുനഃസ്ഥാപിക്കപ്പെടുകയാണ്. ഇ.എം.ഐ മുടങ്ങല്‍ സ്ഥിരസ്ഥിതിയിലേക്ക് മാറും. മൊറട്ടോറിയം നീട്ടിയില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉറപ്പാണെന്നും ബല്‍മല്‍ക്കിത് സിംഗ് അഭിപ്രായപ്പെട്ടു. ലോറി, ട്രക്ക് കൂലി ഓഗസ്റ്റില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. വളരെ രൂക്ഷമാണ് അവസ്ഥ – ഐഎഫ്ടിആര്‍ടിയിലെ സീനിയര്‍ ഫെലോ എസ്. പി സിംഗ് പറഞ്ഞു.

ലോറി, ട്രക്ക് ബിസിനസ് മേഖലയില്‍ ഇതിനകം വിതരണം ചെയ്ത വായ്പകളുടെ തിരിച്ചടവ് തീരെ താഴ്ന്ന നിലയിലാകയാല്‍ പുതിയ വാഹനങ്ങള്‍ക്ക് ക്രെഡിറ്റ് ലഭിക്കുന്നത് ഒരു പ്രധാന പ്രശ്‌നമാണെന്നും വായ്പ നിരസിക്കല്‍ നിരക്ക് വളരെ ഉയര്‍ന്നതാണെന്നും ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് എംഡിയും സി.ഇ.ഒയുമായ ഉമേഷ് രേവങ്കര്‍ പറഞ്ഞു. അതേസമയം, വാഹനങ്ങള്‍ വീണ്ടും കൈക്കലാക്കുന്നത് പ്രശ്‌ന പരിഹാരമല്ല – അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here