ലോകത്തിലെ ഏറ്റവും വലിയ കേക്കുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ തൃശ്ശൂർ. ആറര കിലോമീറ്റർ നീളമുള്ള ഭീമൻ ചോക്ലേറ്റ് കേക്ക് നിർമ്മിച്ചാണ് ലോക റെക്കോർഡിന് ഒരുങ്ങുന്നത്.
മൂന്നര കിലോമീറ്റർ നീളത്തിൽ ചൈനയിൽ നിർമിച്ച കേക്കാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കേക്കായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റെക്കോർഡ് മറി കടക്കുകയാണ് ലക്ഷ്യം.
ആറര കിലോമീറ്ററിൽ അഞ്ച് ഇഞ്ച് ഉയരത്തിലും അഞ്ച് ഇഞ്ച് വീതിയിലുമാണ് കേക്ക്. കേക്കിന് മുകളിൽ ചോക്ലേറ്റ് ക്രീം പൊതിഞ്ഞ് ചിത്രപ്പണി ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. തൃശ്ശൂർ രാമനിലയത്തിന് മുന്നിൽ തുടങ്ങി സംഗീത നാടക അക്കാദമി വഴി ചുറ്റി രാമനിലയത്തിന് മുന്നിൽ വൃത്താകൃതിയിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്.
20000 kg കേക്ക് നിർമിച്ചത് 1200 ഓളം ജീവനക്കാരുടെ പരിശ്രമഫലമായിട്ടാണ്. കേക്ക് പരിശോധിക്കാൻ ഗിന്നസ് അധികൃതരും എത്തി. തൃശ്ശൂർ ഷോപ്പി ഓൺ ഫെസ്റ്റിവലിന്റെ ഭാഗമായി കോർപ്പറേഷനും ബേക്കറി അസോസിയേഷനും സംയുക്തമായിട്ടാണ് ഉദ്യമം. തുടർന്ന് ഓരോ കിലോ കേക്ക് കാണാനെത്തിയവർക്കും നൽകി.