gnn24x7

ചാര്‍ട്ടേഡ് വിമാനമെന്ന കെണി!

0
165
gnn24x7

ചാര്‍ട്ടേഡ് വിമാനത്തെക്കുറിച്ച് പ്രവാസ ലോകത്തെ ഇടതുമുന്നണിയും വലതു മുന്നണിയും തമ്മിലുളള തര്‍ക്കം തുടരുന്നതിനിടയില്‍ രക്ഷപ്പെടുന്നത് കേന്ദ്ര സര്‍ക്കാരും എയര്‍ഇന്ത്യയുമാണ്. രക്ഷപ്പെടാന്‍ മാത്രമല്ല പ്രവാസികളെ ചൂഷണം ചെയ്യാനുളള അവസരം കൂടിയായി ഇതിനെ മാറ്റുകയാണ് എയര്‍ ഇന്ത്യ.പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് മിഷന്‍ പ്രകാരം സര്‍വീസ് നടത്തുന്നതിന് പകരം ചാര്‍ട്ടേഡ് വിമാനമായി ഓടി പ്രവാസികളെ കൊളളയടിക്കാനാണ് എയര്‍ ഇന്ത്യയുടെ പരിപാടി.

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ ബഹ്‌റൈനില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഒരു സര്‍വീസുമില്ല.അതേ സമയം നാളെ (ജൂണ്‍ 5) ബഹ്‌റൈനിലെ ഒരു മലയാളി സംഘടനക്ക് വേണ്ടി  കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാര്‍ട്ടേഡ് ഫ്‌ളൈറ്റായി സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യയാണ്. 

വന്ദേഭാരത് മിഷനില്‍ എയര്‍ എന്ത്യയില്‍ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന പ്രവാസി ടിക്കറ്റിനായി 79 ബഹറൈന്‍ ദീനാര്‍ (16000 രൂപ)  കൊടുക്കുമ്പോള്‍ ചാര്‍ട്ടേഡായി പോകുന്ന എയര്‍ ഇന്ത്യക്ക് 120 ദീനാര്‍ (24000) നല്‍കണം.

കൊച്ചിയിലേക്കാണെങ്കില്‍ യഥാക്രമം 84ഉം 120ഉം ആണ് നിരക്ക്.  സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വന്ദേഭാരത് മിഷന്റെ നിരക്ക് എന്ന വിമര്‍ശനമൊക്കെ ഇതിനിടയില്‍ മുങ്ങിപ്പോയി. വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടും പരിഗണിക്കപ്പെടാതെ പോയ രോഗികളും ഗള്‍ഭിണികളും ജോലി നഷ്ടമായവരുമാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ പോകാന്‍ സംഘടനകളെ സമീപിച്ചിട്ടുളളത്. കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യയും ആവശ്യമായത്ര സര്‍വീസ് നടത്തിയിരുന്നെങ്കില്‍ പ്രവാസികളിലാര്‍ക്കും സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് വരില്ലായിരുന്നു.

മതിയായ സര്‍വീസ് നടത്തുന്നില്ലെന്ന് മാത്രമല്ല അതിന് പകരം സ്വകാര്യ സര്‍വീസ് നടത്തി പ്രവാസികളെ പിഴിയാനാണ് സര്‍ക്കാറും എയര്‍ ഇന്ത്യയും ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചെയ്യേണ്ട ജോലി ചെയ്യാതെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടറൊക്കെ എയര്‍ ഇന്ത്യയുടെ ഈ കൃത്യവിലോപത്തിന് മുന്നില്‍ ഒന്നുമല്ല. 

ദുബൈയില്‍ നിന്ന് 900 യു.എ.ഇ ദിർഹമിന് ടിക്കറ്റ് നിരക്കില്‍ ചാര്‍ട്ടേഡ് സര്‍വീസ് നടത്താന്‍ ഗോ എയര്‍ തയ്യാറായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പകരം 1250 ദിര്‍ഹം ഈടാക്കുന്ന സ്‌പൈസ് ജെറ്റിനാണ് അനുമതി നല്‍കിയത്. ദുരിതത്തിലായ പ്രവാസികളെയാണോ അതല്ല വിമാന കമ്പനികളെയാണോ ഈ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നത്?
വന്ദേ ഭാരത് മിഷനില്‍ കേരളം അനുമതി നല്‍കിയ 360 വിമാനങ്ങളില്‍ 324 ഉം ഇതുവരെ സംസ്ഥാനത്തെത്തിയിട്ടില്ലെന്ന ഗൗരവമുളള വിഷയം ചാര്‍ട്ടേഡ് വിമാന വിവാദത്തിനിടയില്‍ അവഗണിക്കപ്പെടുകയാണ്.

ആ സര്‍വീസ് നടത്താന്‍ മെനക്കെടാതെയാണ് എയര്‍ ഇന്ത്യ ചാര്‍ട്ടേഡ് വിമാനമായി ഓടാന്‍ പോകുന്നത്. ചേരി തിരിഞ്ഞ് വാദങ്ങള്‍ മുഴക്കുന്നവര്‍ ഇക്കാര്യം നടപ്പിലാക്കാനാണ് ഒന്നിച്ച് ശബ്ദം മുഴക്കേണ്ടത്. ബി.ജെ.പി അനുകൂലികളായ പ്രവാസികളെ കൂടി ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് മനസ്സിലാക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും അവരും മുന്നോട്ടു വരണം.
അതു പോലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐ.സി.ഡബ്ല്യു.എഫിൽ) നിന്ന് അര്‍ഹരായ ആളുകള്‍ക്ക് ടിക്കറ്റ് നല്‍കാനും പ്രവാസികള്‍ ഒന്നിച്ചാവശ്യപ്പെടണം.

പ്രവാസികള്‍ സ്വന്തം വിയര്‍പ്പില്‍ നിന്ന് നല്‍കിയ ഫണ്ടില്‍ കോടിക്കണക്കിന് രൂപ എല്ലാ എംബസികളിലും കെട്ടിക്കിടക്കുമ്പോള്‍ ടിക്കറ്റിനായി മുതലാളിമാരുടെ കൈയും കാലും പിടിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതിഷേധമുയരണം.

ഇതിനെതിരെ പ്രതികരിക്കാനും ഒന്നിച്ച് നില്‍ക്കാനും ശ്രമിക്കുന്നതിന് പകരം കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തിയ കേരള സര്‍ക്കാരിനെ താറടിക്കാന്‍ വലതു മുന്നണിയും  കെ.എം.സി.സി പോലുളളവരുടെ പ്രവര്‍ത്തനത്തെ കൊച്ചാക്കാന്‍ ഇടതു മുന്നണിയും വാട്‌സആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയകളിലും പോരാടുമ്പോള്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുകയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

ദുരിത കാലത്ത് എങ്ങനെയെങ്കിലും പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദേശത്തില്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകളെ വിമര്‍ശിക്കുക എന്നത് ഈ പോസ്റ്റിന്റെ ഉദ്ദേശമേയല്ല. പ്രവാസികളെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നിലാടിനെതിരെയാണ് ഈ കുറിപ്പ് …

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here