gnn24x7

അറസ്റ്റിനിടെ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി; മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ബലമായി വാങ്ങി നശിപ്പിച്ചെന്ന് ദൃക്‌സാക്ഷി

0
430
gnn24x7

ആലപ്പുഴ: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ദൃക്‌സാക്ഷി. അവിടെ ഇരുകൂട്ടരും തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നെന്നും എന്നാല്‍ പോലീസ് ഫോണ്‍ ബലമായി വാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും ദൃക്‌സാക്ഷിയായ അലികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അലികുമാര്‍ ഭക്ഷണം കഴിച്ച് രാത്രി പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് മോണ്‍സന്റെ വീട്ടില്‍നിന്ന് വലിയ ബഹളംകേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ മോണ്‍സന്റെ ഗണ്‍മാന്‍മാരും പോലീസും തമ്മിലുള്ള അടിപിടിയാണ് കണ്ടത്. മഫ്തിയിലും യൂണിഫോമിലും പോലീസുകാരുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് മനസിലാകാത്തതിനാല്‍ മൊബൈല്‍ ഫോണെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതുകണ്ട് രണ്ട് പോലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അല്‍പസമയത്തിനുശേഷം ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണെന്ന് പറഞ്ഞ് ഒരാള്‍ വന്നു തന്നോട് സംസാരിച്ചു. ഇവിടെ ചെറിയൊരു പ്രശ്‌നമുള്ളതിനാല്‍ വന്നതാണെന്നും ഫോട്ടൊയെടുത്തത് ശരിയായില്ലെന്നും പറഞ്ഞു. ഫോണ്‍ തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ ഫോണിലെ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തശേഷം ഒരു വനിതാ പോലീസുകാരിയാണ് ഫോണ്‍ തിരിച്ച് ഏൽപ്പിച്ചതെന്നും അലികുമാര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here