gnn24x7

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചു

0
312
gnn24x7

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു, വിചാരണ പൂർത്തിയാക്കാൻ  കൂടുതൽ സമയം അനുവദിച്ചു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു. 

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചു.  സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന്  നിർദേശിച്ചു. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഇതിനിടെ ബെഞ്ച് പരാമർശിച്ചു. 

ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ജസ്റ്റിസ് എ.എം.ഖാൻവിൽകർ ആണ് നേരത്തെ കേസുകൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ്  എ.എം.ഖാൻവിൽകർക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here