ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു

0
36

‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്റെ കയ്യിലെ തോക്കില്‍ (പ്രോപ് ഗൺ) നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍ അലെക് ബാള്‍ഡ്വി‌ന്നിന്റെ തോക്കില്‍ നിന്നാണ് ഹലൈനക്ക് വെടിയേറ്റത്. ചിത്രത്തിന്റെ സംവിധായകന്‍ ജോയല്‍ സൂസയ്ക്കും പരിക്കേറ്റു. ജോയലിന്റെ നില ഗുരുതരമാണ്.

ഷൂട്ടിങിന് ഉപയോഗിക്കുന്ന പ്രോപ് ഗണ്ണില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ ഹലൈനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംവിധായകന്‍ ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. എങ്ങനെ അപകടം നടന്നു എന്ന് അന്വേഷിച്ച ശേഷമാകും നടപടി ഉണ്ടാകുക. ‌

മുമ്പും ഹോളിവുഡ് സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദ് ക്രൗ എന്ന സിനിമയുടെ ഷൂട്ടിനിടെ പ്രോപ് ഗണ്ണിൽ നിന്നും വെടിയേറ്റാണ് ബ്രൂസ് ലിയുടെ മകൻ ബ്രാൻഡൺ മരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ പ്രോപ് ഗൺ ഉപയോഗിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യഥാർഥ വെടിമരുന്ന് ഇല്ലാതെയാണ് സാധാരണ പ്രോപ് ഗണ്ണുകള്‍ സൂക്ഷിക്കുക. എന്നാല്‍ ചില സാഹചര്യങ്ങളിൽ ചിത്രീകരണങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി സെറ്റുകളില്‍ ഇതുപയോഗിക്കാറുണ്ട്. ഇത് തികച്ചും നിയമവിരുദ്ധവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here