gnn24x7

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്; അദ്വാനിയടക്കം 32 പ്രതികളും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക സി.ബി.ഐ കോടതി

0
154
gnn24x7

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന് പ്രസ്താവിക്കും. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക.

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാനൊരുങ്ങത്.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍. സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചായിരുന്നു വിചാരണ നടത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് എല്‍.കെ അദ്വാനി മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയപകപോക്കലിനായി കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

കേസിലുള്‍പ്പെട്ട മുതിര്‍ന്ന ബി.ജെ.പി നേതാവായ മുരളി മനോഹര്‍ ജോഷിയും വിചാരണയില്‍ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ ചില സാക്ഷികളുടെ മൊഴിയും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി രേഖപ്പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here