gnn24x7

മോഷണത്തിനെത്തി എസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ടു പോയ കള്ളനെ പൊലീസ് കയ്യോടെ പൊക്കി

0
224
gnn24x7

ഹൈദരാബാദ്: എന്തു ജോലി ആയാലും ചെയ്യുന്ന ജോലിയോട് ഒരു ആത്മാർഥത ഒക്കെ വേണം. മടി പിടിച്ച് ഒരു ‘ജോലി’ക്കിറങ്ങിയാൽ ഈ ഇരുപത്തിയൊന്നുകാരന്‍റെ അവസ്ഥ വരും. ചെയ്യാൻ വന്ന കാര്യം വിജയിച്ചതുമില്ല എന്നാൽ ജയിലിനുള്ളിലാവുകയും ചെയ്തു. പറഞ്ഞുവരുന്നത് സുരി ബാബു എന്ന ചെറുപ്പക്കാരന്‍റെ കാര്യമാണ്.

മോഷണത്തിനെത്തി എസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ടു പോയ സുരിയെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം. പെട്രോൾ പമ്പ് ഉടമയായ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിലാണ് സുരി മോഷണത്തിനെത്തിയത്.

ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തിയാണ് യുവാവ് മോഷണത്തിനെത്തിയത്. കവർച്ചാശ്രമത്തിന് മുന്നോടിയായി റെഡ്ഡി എവിടെയാണ് പണം സൂക്ഷിക്കുന്നത് എപ്പോഴാണ് ഉറങ്ങുന്നത് എന്നതടക്കമുള്ള ഓരോ കാര്യങ്ങളും ഇയാൾ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ച് വച്ചിരുന്നു. എല്ലാം മനപ്പാഠമാക്കിയാണ് മോഷണത്തിനെത്തിയത്. സെപ്റ്റംബർ 12 ന് പുലർച്ചെ നാല് മണിയോടെ റെഡ്ഡിയുടെ വീട്ടിലെത്തിയ സുരി, പണം കവരുന്നതിനായി അയാളുടെ മുറിയിലെത്തി. സമീപത്തെ ടേബിളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു.

എന്നാൽ ഇതിനിടെയാണ് എസിയുടെ തണുപ്പിൽ സുഖം തോന്നിയ യുവാവ് ഒന്നു മയങ്ങാമെന്ന് കരുതിയത്. അറിയാതെ ഗാഢനിദ്രയിലാവുകയും വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്തു. ഒരു കൂര്‍ക്കം വലി ശബ്ദം കേട്ടുണര്‍ന്ന റെഡ്ഡി തന്‍റെ കട്ടിലിന് താഴെയായി ഉറങ്ങിക്കിടക്കുന്ന സുരിയെയാണ് കണ്ടത്. ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങിയ ഇയാൾ മുറി പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിച്ചു.

ഇതിനിടെ ഉറക്കം ഉണർന്ന സുരിക്ക് താൻ കുടുങ്ങിയെന്ന് മനസിലായി. പൊലീസെത്തിയപ്പോഴേക്കും ഇയാൾ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. ഒടുവിൽ പൊലീസിന്‍റെ നിരന്തര പ്രേരണയ്ക്കൊടുവിൽ മുറി തുറന്ന് പുറത്തിറങ്ങാന്‍ തയ്യാറാവുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. ‘വളരെയധികം ക്ഷീണിതനായിരുന്നു. ഇതിനിടെ എസിയുടെ തണുപ്പ് കൂടി ആയപ്പോൾ ഉറങ്ങാതിരിക്കാനായില്ല’ എന്നായിരുന്നു സുരി പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

ചെറിയ ഒരു സ്വീറ്റ് ഷോപ്പ് നടത്തിവരികയാണ് സുരി ബാബു. എന്നാൽ അതിൽ നിന്നും അധികം വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. കടം കേറി മുങ്ങി നിൽക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് യുവാവ് മോഷണത്തിന് തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. ഇയാളൊരു മോഷ്ടാവ് അല്ലെന്ന് കുടുംബവും മൊഴി നൽകിയിരുന്നു. കവര്‍ച്ച വിജയിച്ചില്ലെങ്കിലും കവർച്ചാ ശ്രമത്തിന് യുവാവ് അറസ്റ്റിലുമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here