ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ഡല്‍ഹിയിലെ 3 പ്രധാന പാര്‍ട്ടികളും ഏറെക്കുറെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ സ്ഥിതിയ്ക്ക്, കൊടിയ ശൈത്യത്തിനുശേഷം തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് മാറുകയാണ്.
ഡല്‍ഹിയില്‍ പാര്‍ട്ടികള്‍ മൂന്നും ശക്തരെങ്കിലും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കേണ്ടതില്ല എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവ് ആരും തന്നെ പ്രവചിക്കുന്നില്ല എന്നത് തന്നെ കാരണം.
ഡല്‍ഹിയില്‍ മുഖ്യമായും ഇത്തവണ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള കനത്ത പോരാട്ടമാണ് നടക്കുക. അതിലുപരി ഇത്തവണ നിരവധി ചെറു പാര്‍ട്ടികളും രാജ്യതലസ്ഥാനത്ത് ഭാഗ്യപരീക്ഷണത്തിനായി എത്തുന്നുണ്ട്. JD (U), LJP, JJP, ശിരോമണി അകാലിദള്‍, തുടങ്ങിയ പാര്‍ട്ടികളും ഇത്തവണ മത്സര രംഗത്തുണ്ട്.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന ഒരു മണ്ഡലമുണ്ട്. അതാണ് ന്യൂഡല്‍ഹി നിയമസഭ മണ്ഡലം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് ഈ മണ്ഡലത്തിലെ AAP സ്ഥാനാര്‍ഥി. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് അരവിന്ദ് കെജ്‌രിവാള്‍ ഈ മണ്ഡലം കൈപിടിയില്‍ ഒതുക്കിയത്.
എന്നാല്‍, ഇത്തവണ ഈ മണ്ഡലതിനായി ശക്തരായ പോരാളികളെയാണ് BJPയും കോണ്‍ഗ്രസും അണിനിരത്തിയിരിക്കുന്നത്. BJPയ്ക്കായി സുനില്‍ യാദവ് ആണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതെങ്കില്‍ NSU മുന്‍ ദേശീയ അദ്ധ്യക്ഷന്‍ റൊമേഷ് സബര്‍വാളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഡല്‍ഹി യുവമോര്‍ച്ച അദ്ധ്യക്ഷനാണ് അഡ്വക്കേറ്റ് സുനില്‍ യാദവ്.
സ്ഥാനാര്‍ഥികള്‍ മൂവരും അണിനിരന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് ന്യൂഡല്‍ഹി മണ്ഡലം വേദിയാവുകയാണ്.
ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
‘Kejriwal Ka Guarantee Card’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയില്‍ ആം ആദ്മി സര്‍ക്കാര്‍ ആധികാരത്തില്‍ തുടര്‍ന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. അതായത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എന്ന് അദ്ദേഹം വീണ്ടും ഉറപ്പ് നല്‍കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു. 3 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടുവാന്‍ കഴിഞ്ഞിരുന്നില്ല.
ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 11ന് വോട്ടെണ്ണല്‍ നടക്കു൦.