gnn24x7

രാജ്യസഭാ സമ്മേളനം; സഭ നിര്‍ത്തിവെച്ച് ദല്‍ഹി അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപ്പാര്‍ട്ടികള്‍

0
231
gnn24x7

ന്യൂദല്‍ഹി: രാജ്യസഭാ സമ്മേളനം ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കലുഷിതമാകും. പ്രതിപക്ഷപ്പാര്‍ട്ടികള്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ്, സി.പി.ഐ.എം എം.പി കെ.കെ രാഗേഷ്, സി.പി.ഐ എം.പി ബിനോയ് വിശ്വം എന്നിവരാണ് വടക്കു കിഴക്കന്‍ ദല്‍ഹി പ്രദേശത്ത് നടന്ന അക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസും ദല്‍ഹി അക്രമത്തില്‍ ശക്തമായ നിലപാട് എടുക്കുമെന്ന് അറിയിച്ചിരുന്നു. ജനാധിപത്യ മൂല്യങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞ അക്രമം സര്‍ക്കാറിന്റെ അറിവോടെ നടന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചില വിഷയങ്ങള്‍ക്ക് നേരെ മനപ്പൂര്‍വ്വം കണ്ണടക്കുകയാണെന്നും എം.പി അഭിഷേക് സിംഗ്‌വി പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിമുകളുടെ വീടുകളും കടകളും ഹിന്ദുത്വ തീവ്രവാദികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും തീവെക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി എം.പി കപില്‍ മിശ്രയുടെ പ്രകോപനപരമായ ആഹ്വാനങ്ങള്‍ക്ക് പിന്നാലെയായിരുന്നു കലാപം പൊട്ടിപുറപ്പെട്ടത്. അക്രമം തടയുന്നതിന് അവശ്യ നടപടികള്‍ സ്വീകരിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ദല്‍ഹി പൊലീസിന്റെ ചുമതല ആഭ്യന്തര മന്ത്രാലയത്തിനാണെന്നും പൊലീസ് അക്രമം തടയുന്നതില്‍ നിഷ്‌ക്രിയരായിരുന്നെന്നും ശിവസേന ചൂണ്ടിക്കാട്ടി. മുഖപത്രമായ സാമ്‌നയില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും ശിവസേന പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here