എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്കില്‍ എസ് ബി ഐ 5 ബേസിസ് പോയിന്റുകള്‍ കുറവു പ്രഖ്യാപിച്ചു. സ്ഥിര നിക്ഷേപ പലിശനിരക്കിലും ഫെബ്രുവരി 10 മുതല്‍ കുറവുണ്ടാകും. റീട്ടെയില്‍ എഫ്ഡി നിരക്കുകള്‍ 10-50 ബേസിസ് പോയിന്റും ബള്‍ക്ക് എഫ്ഡി നിരക്ക് 25-50 ബേസിസ് പോയിന്റും കുറയ്ക്കുമെന്ന് ബാങ്ക് അറിയിച്ചു.
ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസമേകി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എംസിഎല്‍ആറില്‍ ഒന്‍പതാമത്തെ വെട്ടിക്കുറവാണ് എസ് ബി ഐ വരുത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയിലെ ധനനയ അവലോകനത്തിനു ശേഷം റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതിനു പിന്നാലെയാണ് എസ്ബിഐ നിരക്കു താഴ്ത്തിയത്.വായ്പ നല്‍കാനുള്ള ബാങ്കുകളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും കുറഞ്ഞ നിരക്കുകള്‍ വായ്പക്കാര്‍ക്ക് കൈമാറുന്നതിനും ഉതകുന്ന തീരുമാനമാണ് റിപ്പോ നിരക്ക് മാറ്റാതിരുന്നതിലൂടെ റിസര്‍വ് ബാങ്കില്‍ നിന്നുണ്ടായതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
പുതിയ തീരുമാനത്തോടെ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് ഫെബ്രുവരി 10 മുതല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നിരക്ക് 7.85 ശതമാനമായി താഴും. ഇപ്പോള്‍ 7.90 ശതമാനമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ വരെ 8.00 ശതമാനമായിരുന്നു നിരക്ക്.