gnn24x7

സർക്കാർ തനിക്കൊപ്പമെന്ന് അതിജീവിത

0
143
gnn24x7

അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടു.

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം. സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ട എന്നും മുഖ്യമന്ത്രി അറിയിച്ചു.

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമർശനമുയർത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്.

നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സർക്കാറിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്.

ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്.സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇന്ന് വ്യക്തമാക്കി.

പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കി. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴച മാറ്റി, അന്ന് ആവശ്യമെങ്കിൽ വിചാരണ കോടതി രേഖകൾ വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം നടിയുട പരാതി വലിയ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണം തുടരാൻ കൂടുതകൽ സാവകാശം തേടി ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നിർദ്ദേശം നൽകി. ക്രൈംബ്രാഞ്ച് മറ്റൊരു ബെഞ്ചിൽ ഉടൻ ഹർജി നൽകും. അന്വേഷണം തുടരാൻ നിർദ്ദേശം നൽകുമ്പോഴും ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുത്തില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here