gnn24x7

പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട; വിസ നടപടി ക്രമങ്ങളിൽ പുതിയ ഭേദഗതി നടപ്പാക്കി യുക്രൈൻ

0
532
gnn24x7

കീവ്: റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രാന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ മാര്‍ഷ്യല്‍ നിയമം(സൈനിക നിയമം) പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും യുക്രൈന്‍ നടപ്പാക്കിയത്.

ജനങ്ങളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് പൗരന്മാരോടും നേരത്തെ യുക്രൈന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കും. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്ന് ആയുധങ്ങളേന്തിയ പൗരന്മാര്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ യുക്രൈനില്‍ നിന്ന് പുറത്തുവന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here