gnn24x7

റോബിന്‍ ബസ് പലയിടങ്ങളിലായി തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയ എംവിഡി; പ്രതികാര നടപടിയല്ലെന്ന് മന്ത്രി ആൻറണി രാജു

0
137
gnn24x7

പാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസ് പലയിടങ്ങളിലായി തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയ എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു. എന്നാല്‍, യാത്ര നിയമവിരുദ്ധമല്ലെന്നും മന്ത്രി ആദ്യം പോയി നിയമം പഠിക്കട്ടെയന്നുമാണ് ഇക്കാര്യത്തില്‍ റോബിന്‍ ബസ് ഉടമ ഗിരീഷിന്‍റെ പ്രതികരണം. ഇന്ന് ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ വിവിധ ജില്ലകളിലായി നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് തടഞ്ഞ് സര്‍വീസ് മുടക്കാനുള്ള ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പറഞ്ഞു. 

പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് എംവിഡി ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. വീണ്ടും വീണ്ടും പരിശോധന തുടര്‍ന്നതോടെ ബസ് പുതുക്കാട് എത്തിയ്പപോള്‍ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയത്. പിഴ ചുമത്തിയെങ്കിലും ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു. ബസ് ജീവനക്കാര്‍ക്കൊപ്പം ഉടമ ഗിരീഷും ബസില്‍ യാത്ര ചെയ്യുന്നുണ്ട്. കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമാണ് ​ഗിരീഷ് രാവിലെ പ്രതികരിച്ചത്.

നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കിയത്. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ബസ് ഉടമ ഗിരീഷ് വ്യക്തമാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7