gnn24x7

അറബ് രാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്; കുവൈറ്റ് പ്രവാസി ക്വാട്ട ബില്‍ വരുന്നു; 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ആശങ്കയില്‍

0
191
gnn24x7

കുവൈറ്റ് സിറ്റി: എണ്ണവിലയുടെ ഗണ്യമായ കുറവും കൊറോണ വൈറസ് സൃഷ്ടിച്ചിരിയ്ക്കുന്ന പ്രതിസന്ധിയും അറബ്    രാഷ്ട്രങ്ങളെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്  നയിക്കുകയാണ്…

ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പ്രതിസന്ധി  മറികടക്കാന്‍ പല നിര്‍ണ്ണായക തീരുമാനങ്ങളുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്.  

ഇതിനിടെയാണ്  കുവൈറ്റ് പ്രവാസി ക്വാട്ട ബില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.  സ്വദേശി ജനസംഖ്യ കണക്കാക്കി വിദേശി ജനസംഖ്യ പരിമിതപ്പെടുത്തുന്നതാണ്  പ്രവാസി ക്വോട്ട ബില്‍. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുകയുമാണ് ഈ ബില്‍  നടപ്പിലാക്കുന്നത് വഴി കുവൈറ്റ് ലക്ഷ്യമിടുന്നത്.

43 ലക്ഷമാണ് കുവൈറ്റിലെ ജനസംഖ്യ. പുറത്തുനിന്നുള്ളവര്‍ 30 ലക്ഷത്തോളവുമാണ്. ഇത് പരിഗണിച്ചാണ് കുവൈറ്റ് ഭരണകൂടം പുതിയ നിയമം അവതരിപ്പിക്കുന്നത്.  നിയമ൦ പാസായാല്‍ കുവൈറ്റിലെ  ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഏകദേശം 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്.  ഈ നിയമം  പാസായാല്‍ ഏകദേശം 8 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാര്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം,  കരട് എക്‌സ്പാറ്റ് ക്വോട്ട ബില്‍ (Draft Expat Quota Bill) തികച്ചും  ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ നിര്‍മാണ സമിതി  അംഗീകരിച്ചിരിയ്ക്കുകയാണ്.  എണ്ണ വരുമാനത്തിലെ ഇടിവും കൊറോണ സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധിയുമാണ്‌  ഇത്തരമൊരു നീക്കത്തിന് കുവൈറ്റിനെ  പ്രേരിപ്പിച്ചതെന്നാണ്  വിലയിരുത്തല്‍.

ബില്‍ നിയമ നിര്‍മാണ സമിതി  അംഗീകരിച്ചതോടെ പ്രവാസികളില്‍ ആശങ്ക വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.  കുവൈറ്റിന് പുറത്തുനിന്നുള്ളവരില്‍ ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും വലുത്. ഇതില്‍ വലിയ വിഭാഗം മലയാളികളാണ്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ പിന്നീടുള്ളത് ഈജിപ്റ്റുകാരാണ്.  

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍തന്നെ വിദേശികള്‍ക്കെതിരായ വികാരം കുവൈറ്റില്‍ ശക്തിപ്പെട്ടിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.   അതിനിടെയാണ്  കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വിദേശികളുടെ എണ്ണം 70% ല്‍ നിന്ന് 30% മാക്കി കുറയ്ക്കാന്‍ ആഹ്വാനവും ചെയ്തിരിയ്ക്കുന്നത്.  

കുവൈറ്റിലെ ഇന്ത്യന്‍ എംബസി  സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here