gnn24x7

വാനമ്പാടിയ്ക്കും ഭാവഗായകനും സംഗീതം നൽകി സിംസൺ ജോൺ മലയാള സിനിമയിലേക്ക്

0
973
gnn24x7

പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയും ഭാവഗായകൻ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് അയർലണ്ടിന്റെ പ്രിയ സംഗീതജ്ഞൻ സിംസൺ ജോൺ മലയാള സിനിമാ സംഗീത മേഖലയിൽ നിറ സാന്നിധ്യമാകുന്നു.

‘അന്തിക്കാട്ടെ വിശേഷങ്ങൾ’ എന്ന സിനിമയിലെ ‘പകലും പോയ്മറഞ്ഞു..’ എന്ന ഗാനം ഇന്നലെ ചെന്നൈ സാലിഗ്രാമിൽ കെ എസ് ചിത്ര ആലപിച്ചു റെക്കോർഡ് ചെയ്തു. പി.ജയചന്ദ്രൻ ആലപിച്ച ‘ഇന്നെന്റെ മനസ്സിൽ….’എന്ന ഗാനം സിനിമയുടെ പൂജയോടാനുബന്ധിച്ചു റിക്കോർഡ് ചെയ്തിരുന്നു.
ബാബു രാധാകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അന്തിക്കാട്ടെ വിശേഷങ്ങളിൽ’ ജനാർദ്ദനൻ മണ്ണുമ്മൽ രചിച്ച നാലു ഗാനങ്ങൾ സിംസൺ ചിട്ടപ്പെടുത്തി.

ചിത്ര അരുൺ, സാബു ജോസഫ് എന്നിവരാണ് മറ്റ് ഗാനങ്ങൾ ആലപിച്ചത്. ‘കിം കിം കിം..’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ റാം സുരേന്ദർ ഈ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ നിർവഹിച്ചു.
ആദ്യ ചിത്രത്തിൽ തന്നെ  പ്രമുഖ പിന്നണിഗായകരായ പി.ജയചന്ദ്രൻ ,കെ എസ് ചിത്ര എന്നിവർക്കായി ഗാനങ്ങൾ ചിട്ടപ്പെടുത്താനായത് തന്റെ സംഗീത സപര്യയിലെ അസുലഭാവസരമാണെന്ന് സിംസൺ ജോൺ അഭിപ്രായപ്പെട്ടു. അയർലണ്ടിൽ ഏവർക്കും സുപരിചിതനായ അനുഗ്രഹീത ഗായകൻ സാബു ജോസഫ് ഈ ചിത്രത്തിനായി പിന്നണി പാടുന്നത് മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന മറ്റൊരു മുഹൂർത്തം കൂടിയാണ്.

‘വൈഖരി’ മ്യൂസിക് ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായ  സിംസൺ ജോൺ ,ഡബ്ലിൻ തപസ്യയുടെയും, ഡാലസ് ഭരതകലാ തീയറ്റേഴ്‌സിന്റെയും പ്രമുഖ  നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ആദ്യകാല മലയാള സംഗീത ആൽബങ്ങളിൽ പല ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.  ഇരിങ്ങാലക്കുട സ്വദേശിയായ സിംസൺ ജോൺ അയർലണ്ടിൽ ഭാര്യ റിന്റ ജോൺ ,മക്കൾ ജോവാന ജോൺ, ഒലീവിയ ജോൺ എന്നിവരോടൊപ്പം നാവനിലാണ് താമസം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here