gnn24x7

വനിതാ ടി-20 ലോകകപ്പിന്റെ ഏഴാം പതിപ്പ് ഫ്രെബ്രുവരി 21 ന് ഓസ്‌ട്രേലിയയില്‍

0
233
gnn24x7

വനിതാ ടി-20 ലോകകപ്പിന്റെ ഏഴാം പതിപ്പ് ഫ്രെബ്രുവരി 21 ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം.

നാല് തവണ കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ടൂര്‍ണ്ണമെന്റിലെ അതികായര്‍. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്ന് തവണ സെമിഫൈനലിലെത്തിയതാണ് ഇന്ത്യയുടെ നേട്ടം.

ടൂര്‍ണ്ണമെന്റിലെ ചില വിശേഷങ്ങള്‍ നോക്കാം:

ഏറ്റവും കൂടുതല്‍ റണ്‍സ്

ന്യൂസിലാന്റ് ബാറ്റ്‌സ് വുമണ്‍ സൂസി ബേറ്റ്‌സാണ് ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 28 മത്സരങ്ങളില്‍ നിന്ന് 881 റണ്‍സാണ് സൂസിയുടെ സമ്പാദ്യം.
ഇന്ത്യന്‍ മുന്‍ താരം മിതാലി രാജാണ് പട്ടികയില്‍ രണ്ടാമത്. 24 മത്സരങ്ങളില്‍ നിന്ന് 726 റണ്‍സാണ് മിതാലി നേടിയത്. 25 മത്സരങ്ങളില്‍ നിന്ന് 428 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മൂന്നാം സ്ഥാനത്ത്.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ടി-20 വനിതാ ലോകകപ്പില്‍ മൂന്ന് പേര്‍ മാത്രമാണ് ഇതുവരെ സെഞ്ച്വറി നേടിയിട്ടുള്ളത്. 2014 ല്‍ അയര്‍ലണ്ടിനെതിരെ 124 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ദിയേന്ദ്ര ഡോട്ടിനും (112) ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറുമാണ് (103) ടൂര്‍ണ്ണമെന്റില്‍ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.

കൂടുതല്‍ അര്‍ധസെഞ്ച്വറി

ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ സാറാ ടെയ്‌ലറും ന്യൂസിലാന്റിന്റെ സൂസി ബേറ്റ്‌സുമാണ് ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയിട്ടുള്ളത്. ആറെണ്ണം വീതം.

കൂടുതല്‍ സിക്‌സ്, ഫോര്‍

വെസ്റ്റ് ഇന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിന്‍ ഇതുവരെ ലോകകപ്പില്‍ നേടിയത് 22 സിക്‌സുകളാണ്. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് 16 സിക്‌സ് നേടിയിട്ടുണ്ട്.

102 ഫോര്‍ നേടിയിട്ടുള്ള ന്യൂസിലാന്റിന്റെ സൂസി ബേറ്റ്‌സിന്റെ പേരിലാണ് ബൗണ്ടറികളുടെ റെക്കോഡ്. ഓസീസിന്റെ ലാനിംഗ് 91 ഫോറുകള്‍ നേടിയിട്ടുണ്ട്.

ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

2014 ല്‍ മെഗ് ലാനിംഗ് ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 257 റണ്‍സാണ്. അതേ പതിപ്പില്‍ ഇന്ത്യയുടെ മിതാലി രാജ് അഞ്ച് മത്സരങ്ങളില്‍ നിന്ന് 204 റണ്‍സ് നേടിയിരുന്നു.

കൂടുതല്‍ വിക്കറ്റ്

33 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ ഔള്‍റൗണ്ടര്‍ എലിസ് പെറിയാണ് ഈ നേട്ടത്തില്‍ മുന്നില്‍. 18 വിക്കറ്റ് നേടിയ പൂനം യാദവാണ് ഇന്ത്യക്കാരില്‍ മുന്നില്‍.

മികച്ച ബൗളിംഗ് പ്രകടനം

ടൂര്‍ണ്ണമെന്റിലെ എല്ലാ പതിപ്പുകളില്‍ നിന്നും ഇതുവരെ നാല് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം ബൗളര്‍മാര്‍ സ്വന്തമാക്കിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ എഡിഷനില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ദിയേന്ദ്ര ഡോട്ടിന്റെ പ്രകടനമാണ് ഇതുവരെയുള്ളതില്‍ മികച്ചത്. ദക്ഷിണാഫ്രിക്കയുടെ സുനെ ലൂസ്, ഇന്ത്യയുടെ പ്രിയങ്ക റോയ്, ആസ്‌ട്രേലിയയുടെ ജൂലി ഹണ്ടര്‍ എന്നിവരും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്.

ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്

ഇംഗ്ലണ്ടിന്റെ അന്യ ഷ്രുബ്‌സോളാണ് ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് അന്യ 2014 ല്‍ നേടിയത്.

ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍

20 പേരെ പുറത്താക്കിയ ന്യൂസിലാന്റിന്റെ റേച്ചല്‍ പ്രീസ്റ്റിന്റെയും (14 ക്യാച്ചും ആറ് സ്റ്റംപിംഗും), ഇംഗ്ലണ്ടിന്റെ സൂസി ബേറ്റ്‌സിന്റേയും (12 ക്യാച്ചും 8 സ്റ്റംപിംഗും) പേരിലാണ് ഈ റെക്കോഡ്.

ഇന്ത്യയുടെ സുലക്ഷണ 16 പേരെ വിക്കറ്റിന് പിന്നില്‍ പുറത്താക്കിയിട്ടുണ്ട്.

ഉയര്‍ന്ന ടീം സ്‌കോര്‍

ടി-20 ലോകകപ്പില്‍ ഇതുവരെ ഒരു ടീം 200 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല. 194 റണ്‍സെടുത്ത ഇന്ത്യയുടെ പേരിലാണ് നിലവിലെ റെക്കോഡ്. ഹര്‍മന്‍പ്രീതിന്റെ സെഞ്ച്വറിയും ജെമി റോഡിഗ്രസിന്റെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് ഈ ടോട്ടല്‍ സമ്മാനിച്ചത്.

കുറഞ്ഞ ടീം സ്‌കോര്‍

ബംഗ്ലാദേശിന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍ എന്ന റെക്കോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ ടൂര്‍ണ്ണമെന്റില്‍ 46 റണ്‍സിനാണ് ബംഗ്ലാദേശ് പുറത്തായത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here