gnn24x7

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് 29,800 ചൈനീസ് ആപ്പുകള്‍ ശനിയാഴ്ച ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

0
428
gnn24x7

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് 29,800 ചൈനീസ് ആപ്പുകള്‍ ശനിയാഴ്ച ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 26,000ത്തിലധികം ഗെയിം ആപ്പുകള്‍ ഉള്‍പ്പെടെയാണ് നിരോധിച്ചതെന്ന് ക്വിമായി റിസേര്‍ച്ച് ഫേമിന്റെ ഡാറ്റയില്‍ പ്രതിപാദിക്കുന്നു.

ലൈസന്‍സില്ലാത്ത ഗെയിമുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ നടപടിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉപയോക്താക്കള്‍ക്ക് ആപ്പുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സ് നമ്പര്‍ സമര്‍പ്പിക്കണമെന്ന് ഗെയിം പ്രസാധകര്‍ക്ക് ആപ്പിള്‍ ഈ വര്‍ഷം ആദ്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ അവസാനിക്കുന്നതിന് മുമ്പായി ലൈസന്‍സ് നമ്പര്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ ചൈനയിലെ ആപ്പ് സ്റ്റോറുകള്‍ വര്‍ഷങ്ങളായി ഈ നിയമങ്ങള്‍ പാലിച്ച് പോരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആപ്പിള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ കാരണം വ്യക്തമല്ല.

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ജൂലൈ ആദ്യവാരത്തില്‍ 2,500ഓളം ആപ്പുകള്‍ നീക്കം ചെയ്തിരുന്നു. സിന്‍ഗ, സൂപ്പര്‍ സെല്‍ തുടങ്ങിയ ഗെയിമുകളും ഒഴിവാക്കപ്പെട്ടവയില്‍പ്പെടുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ഈ ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ ലഭ്യമാകുന്ന 47 ആപ്പുകളും അടുത്തിടെ നിരോധിക്കുന്ന സ്ഥിതിയുണ്ടായി. പബ്ജി അടക്കമുള്ള നിരവധി ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here