gnn24x7

ഇലന്തൂർ നരബലി: മൃതദേഹാവശിഷ്ടങ്ങളുടെ DNA ഫലം പുറത്ത്,കൊല്ലപ്പെട്ടതിൽ ഒരാൾ പത്മയെന്ന് സ്ഥിരീകരണം

0
114
gnn24x7

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശിനി പത്മയെന്ന് സ്ഥിരീകരണം. ഇലന്തൂരിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ചിലതിന്റെ ചൊവ്വാഴ്ച പുറത്തുവന്ന ഡി.എൻ.എ. പരിശോധനഫലത്തിലാണ് കൊല്ലപ്പെട്ടത് പത്മയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കണ്ടെടുത്ത മുഴുവൻ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി.എൻ.എ. പരിശോധന പൂർത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികൾ കുഴിച്ചിട്ടിരുന്നത്. ഇവയെല്ലാം ഇലന്തൂരിലെ വീട്ടുവളപ്പിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്നാണ് ഓരോ അവശിഷ്ടങ്ങളിൽനിന്നും ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ചിലതിന്റെ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്.

അതേസമയം, പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി മകൻ അടക്കമുള്ളവർ ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. മൃതദേഹം വിട്ടുകിട്ടാൻവൈകുന്നതിനെതിരേ രണ്ടുതവണ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും കേസിന്റെ പുറകെ നടന്നതിനാൽ ജോലി വരെ നഷ്ടമായെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞിരുന്നു. കൊച്ചിയിൽ ഇത്രയും ദിവസം താമസിക്കുന്നതിന് ഒരുപാട് തുക ചെലവായി. മൃതദേഹം എന്നു വിട്ടുകിട്ടുമെന്നോ എപ്പോൾ സംസ്കരിക്കാമെന്നോ സർക്കാർ അറിയിച്ചിട്ടില്ല. ഇവിടത്തെ സാഹചര്യങ്ങൾ വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിപ്പു കിട്ടി. എന്നാൽ കേരളത്തിൽനിന്ന് യാതൊരു വിവരവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് സെൽവരാജ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here