gnn24x7

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കേണ്ട; അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്

0
147
gnn24x7

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരുമെന്നും സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന് ഒരുവർഷം 4800 കോടിരൂപ അധികം ലഭിക്കും.

പദ്ധതിയിൽ ചേരുന്നതിന് ബോർഡിന്റെ നഷ്ടം ഏറ്റെടുക്കുമെന്ന ധാരണപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിടണം. ഈവർഷം ബോർഡിന് 1750 കോടി രൂപ നഷ്ടമുണ്ട്. ശമ്പളപരിഷ്‌കരണവും അതിനനുസരിച്ച് പെൻഷൻ ഫണ്ടിൽ തുക വകയിരുത്തേണ്ടതുമാണ് ഇതിനു കാരണം.

വൈദ്യുതിമേഖലയിൽ കേന്ദ്രം നിർദേശിക്കുന്ന പരിഷ്‌കാരങ്ങൾ ഉറപ്പുവരുത്തിയാൽ സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടുതൽ കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യത പരിശോധിക്കാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങും ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയും ചർച്ചനടത്തിയിരുന്നു.ഇതേ തുടർന്ന് സ്വകാര്യവത്കരിക്കാതെയും സ്മാർട്ട് മീറ്ററിലേക്ക്‌ മാറാതെയും പദ്ധതിയിൽ അർഹതനേടുന്നതിനുള്ള പ്രവർത്തനമികവ് ബോർഡിനുണ്ടെന്ന് ചെയർമാൻ അറിയിച്ചു. വൈദ്യുതി മേഖലാ പരിഷ്‌കാരത്തിന് കേന്ദ്രം അനുവദിക്കുന്ന അധികവായ്പ സംസ്ഥാന താത്പര്യത്തിന് ഗുണകരമാണെങ്കിൽ മാത്രമേ സ്വീകരിക്കൂവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here