gnn24x7

ശസ്ത്രക്രിയ വിജയകരം; സെൽവിന്റെ ഹൃദയം ഹരിനാരായണനിൽ മിടിച്ചു തുടങ്ങി!

0
237
gnn24x7

തിരുവന്തപുരം കിംസിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശിയുടെ ഹൃദയം 16-കാരൻ ഹരിനാരായണനിൽ മിടിച്ചുതുടങ്ങി. ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എറണാകുളം ലിസി ആശുപത്രി അറിയിച്ചു. ഹൃദയം നൽകിയ സെൽവിന്റെ കുടംബത്തിനും സർക്കാറിനും പൊലീസിനും അടക്കം ഹരിനാരായണന്റെ അമ്മ നന്ദി പറഞ്ഞു. മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖർ (36) ജീവനേകുന്നത് ആറുപേർക്കാണ്. ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ എന്നീ അവയവങ്ങളാണ് ദാനം നൽകിയിരിക്കുന്നത്.

അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചിരുന്നു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിർവഹിച്ചു. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികൾക്ക് നൽകും.

ഹെലികോപ്ടർ വഴിയാണ് സെൽവിന്റെ അവയവങ്ങൾ കൊച്ചിയിലെത്തിച്ചത്. ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി മുഖ്യമന്ത്രിയാണ് അവയവദാനം വേഗത്തലാക്കാനുള്ള നിർദേശം നൽകിയത്. ഹെലിപാടിൽ നിന്ന് ആശുപത്രിയിലേക്ക് അവയവങ്ങൾ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇതിന്റെ ഭാഗമായി പൊലീസും ഒരുക്കിയിരുന്നു.

തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ ശേഖർ. ഭാര്യയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതിനെ തുടർന്ന് അവിടുത്തെ ആശുപത്രിയിലും നവംബർ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സകൾ തുടരവേ നവംബർ 24ന് മസ്തിഷ്ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് സന്നദ്ധതയറിയിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7