gnn24x7

ബ്രിട്ടനിൽ പ്രധാനമന്ത്രിക്കു പിന്നാലെ ഹെൽത്ത് സെക്രട്ടറിക്കും കോവിഡ്

0
260
gnn24x7

ലണ്ടൻ: കോവിഡ് രോഗം അതിവേഗം പടരുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനിൽ ആശങ്കാജനകമായ റിപ്പോർട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഇന്നലെ മാത്രം 181 പേരാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകൾക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 14,579 ആണ്. ആശുപത്രിയിലെത്തുന്നവരെ മാത്രം പരിശോധനയ്ക്കു വിധേയരാക്കുന്ന സമീപനമാണ് ഇപ്പോഴും ബ്രിട്ടനിൽ. അതിനാൽ യഥാർധ രോഗികളുടെ എണ്ണം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളതിനേക്കാൾ പതിന്മടങ്ങായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.

പ്രധാനമന്ത്രിക്കു പിന്നാലെ ഹെൽത്ത് സെക്രട്ടറിക്കും കോവിഡ്

പ്രധാനമന്ത്രി ബോറിസ് ജോൺസണു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയുടെ മുൾമുനയിലായി. പ്രധാനമന്ത്രിയുമായും ഹെൽത്ത് സെക്രട്ടറിയുമായും നിരവധി പേരാണ് ദിവസവും സമ്പർക്കത്തിലേർപ്പെട്ടിരുന്നത്. ചാൻസിലർ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയർ കാബിനറ്റ് മന്ത്രിമാർ കഴിഞ്ഞദിവസവും പ്രധാനമന്ത്രിയുമായും ചർച്ചകളിലേർപ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനകൾക്ക് വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കാനും ഇവർക്ക് നിർദേശമുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളവരാണ്.

ബ്രിട്ടനിൽ കോവിഡ് രോഗം പടന്നു പിടിച്ചപ്പോൾതന്നെ ബോറിസിന്റെ മന്ത്രിസഭയിലെ ജൂനിയർ മന്ത്രിയായ നദീൻ ഡോറിസിന് രോഗം സ്ഥിരീകരിച്ചിരുന്നു. വനിതാദിനത്തിൽ ബോറിസ് സംഘടിപ്പിച്ച വിരുന്നിൽ ഇവർ പങ്കെടുത്ത സാഹചര്യത്തിൽ നേരത്തെ തന്നെ പ്രധാനമന്ത്രിക്കു രോഗം പിടിപെട്ടേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇപ്പോൾ അദ്ദേഹം രോഗബാധിതനാകുന്നത്.

വ്യാഴാഴ്ച വൈകുന്നേരം വാർത്താസമ്മേളനം നടത്തി പ്രതിരോധ നടപടികൾ വിശദീകരിച്ച പ്രധാനമന്ത്രി രാത്രിയിൽ ചില രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെയാണ് പരിശോധനയ്ക്കു വിധേയനായത്. ചെറിയ പനിയും ഇടവിട്ടുള്ള ചുമയുമായിരുന്നു ലക്ഷണങ്ങൾ. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറായ ക്രിസ് വിറ്റിയാണ് പ്രധാനമന്ത്രിയോട് പരിശോധനയ്ക്കു വിധേയനാകാൻ നിർദേശിച്ചത്. ക്രിസ് വിറ്റിയോടും ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസിനോടുമൊപ്പമാണ് പ്രധാനമന്ത്രി ദിവസേ വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നത്. ഇതോടെ ഇവരും രോഗസംശയത്തിന്റെ നിഴലിലായി. വ്യാഴാഴ്ച രാത്രി ഹെൽത്ത് വർക്കർമാരെ അനുമോദിക്കാനായി പ്രധാനമന്ത്രി ഔദ്യോഗിക വസതിക്കു പുറത്തിറങ്ങി കൈയടിച്ചിരുന്നു.

പ്രധാനമന്ത്രി രാജ്ഞിയെ കണ്ടത് 11ന്

എലിസബത്ത് രാജ്ഞിയെ പ്രധാനമന്ത്രി അവസാനമായി നേരിൽ കണ്ടതു മാർച്ച് 11നാണ് കഴിഞ്ഞയാഴ്ച തന്നെ രാജ്ഞി ബക്കിംങ്ങാം പാലസിൽ നിന്നും താമസം മാറ്റുകയും എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു. അതിനാൽ പ്രധാനമന്ത്രിയിൽനിന്നും രാജ്ഞിക്ക് രോഗം പടർന്നിരിക്കാൻ സാധ്യത കൽപിക്കുന്നില്ല. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഒന്നാം കിരീടാവകാശിയായ ചാൾസ് രാജകുമാരനും രണ്ടാഴ്ച മുമ്പാണ് അവസാനം രാജ്ഞിയെ നേരിൽ കണ്ടത്.

ഗർഭിണിയായ പാർട്ണറെ ഔദ്യോഗിക വസതിയിൽനിന്നും മാറ്റി

പ്രധാനമന്ത്രി ബോറിസിന്റെ പാർട്ണർ കാരി സിമൺഡ്സ് ഗർഭിണിയാണ്. ഈ സമ്മറിൽ തങ്ങൾ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി തന്നെയാണ് മൂന്നാഴ്ച മുമ്പ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇവർ ഡൌണിംങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നും മറ്റൊരുടത്തേക്ക് താമസം മാറ്റി.

പ്രധാനമന്ത്രിയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണെന്നും വീട്ടിലിരുന്ന് അദ്ദേഹം എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ചത്തേക്ക് വർക്ക് ഫ്രം ഹോം ആണെന്നായിരുന്നു ഇതെക്കുറിച്ച് പ്രധാനമന്ത്രിതന്നെ ട്വിറ്ററിലൂടെ നൽകിയ വിശദീകരണം. മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കിൾ ഗോവ് ആയിരിക്കും പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ വരുംദിവസങ്ങളിൽ മാധ്യമങ്ങളോട് ദൈനംദിന കാര്യങ്ങൾ വിശദീകരിക്കുക.

ഫീൽഡ് ആശുപത്രികളുടെ നിർമാണം തുടങ്ങി

ഇതിനിടെ ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ അടിയന്തരമായി നിർമിക്കുന്ന കോവിഡ് ഫീൽഡ് ആശുപത്രികളുടെ നിർമാണത്തിന് മിലിട്ടറി തുടക്കം കുറിച്ചു ഈസ്റ്റ് ലണ്ടനിലും ബർമിങ്ങാം മാഞ്ചസ്റ്റർ എന്നിവിടങ്ങളിലുമാണ് ആദ്യത്തെ മൂന്ന് ആശുപത്രികൾ. ഗ്ലാസ്ഗോയിലും ആശുപത്രി നിർമിക്കാൻ പദ്ധതിയുണ്ട്. ബ്രിട്ടനിൽ നാലായിരം ബഡ്ഡിന്റെയും ബർമിങ്ങാമിൽ അയ്യായിരം ബെഡ്ഡിന്റെയും മാഞ്ചസ്റ്ററിൽ ആയിരം ബെഡ്ഡിന്റെയും ആശുപത്രികളാണ് നിർമിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here